പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകരുടെ പണം തിരിമറി നടത്തിയതിന് പോപ്പുലർ ഫിനാൻസ് ഉടമകളുടെ വീട്ടിൽ കുടുംബകലഹവും നടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന റിനു മറിയം തോമസ് സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷമാണ് വ്യാപകമായി നിക്ഷേപങ്ങൾ വക മാറ്റിയതെന്നാണ് കണ്ടെത്തൽ. ഇവരുടെ ഭർത്താവിന്റെ ബന്ധുവിന്റെ പേരിലേക്ക് സ്വത്തുക്കൾ മാറ്റുന്നതിനെച്ചൊല്ലി അച്ഛൻ തോമസ് ഡാനിയേലുമായി പലപ്പോഴും കലഹങ്ങളും ഉണ്ടായി.
റിനുവിന്റെ ഭർത്തൃവീടുമായി അടുപ്പമുള്ള ഒരു അക്കൗണ്ടന്റിന്റെ ഉപദേശത്തിലാണ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് കമ്പനികളിലേക്ക് നിക്ഷേപത്തുക മാറ്റിയത്. 21 കമ്പനികളാണ് റിനു മറിയം തോമസിന്റെ നിർദേശപ്രകാരം പോപ്പുലർ ഫിനാൻസിന്റെ അനുബന്ധ കമ്പനികളായി രൂപവത്‌കരിച്ചത്.
എന്നാൽ, പോപ്പുലർ ഫിനാൻസിന്റെ മുൻ ജനറൽ മാനേജർമാരാണ് സാമ്പത്തിക തിരിമറി നടത്തിയതെന്ന് ഉടമകൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അവരുടെമേൽ, കുറ്റംചുമത്തി രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്ന് പോലീസ് കരുതുന്നു. പണം വിദേശത്തേക്ക് കടത്തിയതും നിക്ഷേപങ്ങൾ വകമാറ്റിയതും സംബന്ധിച്ച് അറിയാനായി വകയാർ ഹെഡ് ഓഫീസിലെ അക്കൗണ്ടന്റ്, ഐ.ടി. ജീവനക്കാരൻ എന്നിവരെ ചോദ്യംചെയ്തു. ഒരു മാസത്തിനിടെ പോപ്പുലർ ഉടമകൾ ക്രയവിക്രയം നടത്തിയ ഭൂമിയുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.