പത്തനംതിട്ട : നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുനാട് പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ പോപ്പുലർ ഫിനാൻസ് ഉടമകളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിയുന്ന റോയ് ഡാനിയൽ, അട്ടക്കുളങ്ങര ജയിലിൽ റിമാൻഡിലുള്ള ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ, റീബ തോമസ് എന്നിവരെ കോടതി ഉത്തരവോടെയാണ് റാന്നിയിലെത്തിച്ചത്.
തുടർന്ന് പെരുനാട് ഇൻസ്പെക്ടർ ആർ.മനോജ്കുമാറിന്റെ നേതൃത്വത്തിൽ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്ത പ്രതികളെ അതതു ജയിലുകളിലേക്കു മാറ്റി. തട്ടിപ്പുമായി ബന്ധപ്പെട്ട് 24 കേസുകളാണ് പെരുനാട് പോലീസ് എടുത്തിരിക്കുന്നത്.
ഓരോ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. 2 കേസുകളിൽ കട്ടപ്പന പോലീസ് റാന്നിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. പെരുനാട് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികൾ പ്രകാരം കൂടുതൽ കേസുകൾ ഇനി എടുക്കാനുണ്ട്. ഇവിടെ മാത്രം 5 കോടിയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്.