പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിർണായക വിവരങ്ങൾ ജീവനക്കാരിൽ നിന്ന് അന്വേഷണസംഘം ശേഖരിച്ചു തുടങ്ങി. പോപ്പുലർ ഫിനാൻസിൽ നിക്ഷേപം സ്വീകരിച്ചിരുന്ന രീതികൾ, നൽകിയിരുന്ന രസീതുകൾ, സ്വർണപ്പണയം ഇടപാടുകൾ ഇവയിൽ നിർണായകമായ വിവരങ്ങളാണ് ജീവനക്കാരിൽ നിന്ന അന്വേഷണസംഘത്തിനു ലഭിച്ചത്. ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാരെയാണ് അന്വേഷണസംഘംപ്രധാനമായും ചോദ്യം ചെയ്തത്.
മറ്റുള്ളവരിൽ നിന്നുള്ള വിവരശേഖരണവും തുടരും. പോപ്പുലർ ഫിനാൻസിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലാണ് നിക്ഷേപം സ്വീകരിച്ചുവന്നിരുന്നത്. ഓരോ മാസവും ഓരോ ശാഖയിൽ വ്യത്യസ്ത രീതിയിലാണ് ഇതിന് രസീത് നൽകിയിരുന്നത്. നിക്ഷേപം സ്വീകരിക്കാൻ നിയമപരമായ തടസമുള്ളതിനാലാണ് ഇത്തരം രീതി അവലംബിച്ചിരുന്നതെന്നാണ് ഉടമകൾ നൽകിയ വിശദീകരണം.
എന്നാൽ അനുബന്ധ സ്ഥാപനങ്ങളുടെ പേരിൽ വാങ്ങുന്ന നിക്ഷേപത്തിന്റെ ഇടപാടുകളും പ്രധാന അക്കൗണ്ട് മുഖേനയാണ് ശാഖകളിൽ നടന്നിരുന്നത്. നിക്ഷേപം പിൻവലിക്കാനെത്തുന്നവർക്ക് ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് പണം നൽകിയിരുന്നത്. സ്വർണപ്പണയവുമായി ബന്ധപ്പെട്ടും തിരിമറികൾ നടന്നിരുന്നു.
ഇടപാടുകാരിൽ നിന്ന് കൂടിയ പലിശയ്ക്ക് എടുക്കുന്ന സ്വർണപ്പണയം വാണിജ്യ ബാങ്കുകളിൽ സ്ഥാപനത്തിന്റെ പേരിൽ കുറഞ്ഞ പലിശയ്ക്ക് പണയം വച്ചിരുന്നു. ഇടപാടുകാർ എത്തുമ്പോൾ പണയത്തിന്റെ പണം സ്വീകരിച്ചശേഷം പുറത്തുപോയി സ്വർണം എടുത്തുകൊണ്ടുവന്ന് കൊടുക്കുകയായിരുന്നു രീതി. ഇത്തരത്തിലുണ്ടാകുന്ന ലാഭം പൂർണമായി ഹെഡ്ഓഫീസ് അക്കൗണ്ടിലേക്ക് നേരത്തെ തന്നെ അടച്ചുവന്നിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി.
ജീവനക്കാരുടെ മൊഴി കൂടി സ്വീകരിച്ചശേഷം ഇതു സംബന്ധിച്ച് നിലവിൽ റിമാൻഡിലുള്ള ഉടമയുടെയും മക്കളുടെയും വിശദീകരണം കൂടി കേൾക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. റിമാൻഡിലുള്ളവരുടെ കസ്റ്റഡി അപേക്ഷയിൽ കോടതി തിങ്കളാഴ്ച തീരുമാനം അറിയിക്കും.