കോന്നി: പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്ഥാവര ജംഗമവസ്തുക്കൾ കണ്ടെത്തി വിറ്റഴിച്ച് നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന സർക്കാർ ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ. എന്നാൽ, വസ്തുക്കൾ വിറ്റഴിച്ചാൽ അതിലൂടെ എത്രകോടി രൂപ കണ്ടെത്താനാകുമെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയുമോയെന്നും ആശങ്കയുണ്ട്.
കേരളത്തിനകത്തും പുറത്തുമായി അരലക്ഷത്തിലധികം നിക്ഷേപകരാണുള്ളത്. ഇതിനകം കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നിക്ഷേപകർ മുൻസിഫ് കോടതികളിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. വകയാർ ആസ്ഥാനമന്ദിരം പ്രവർത്തിക്കുന്ന കെട്ടിടവും അതിനോടുചേർന്ന് വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെട്ട വസ്തുകൾ കോടതി മുഖാന്തരം അറ്റാച് ചെയ്ത് നോട്ടീസ് പതിച്ചിരിക്കുകയാണ്. ഇത് സർക്കാർ നീക്കത്തിന് തിരിച്ചടിയാകും. പോപ്പുലർ ഫിനാൻസ് പൂട്ടലിൻെറ വക്കിലെത്തിയപ്പോൾ കോന്നി സെൻട്രൽ ജംങ്ഷനിൽ കോടികൾ വിലവരുന്ന വസ്തുക്കൾ കച്ചവടം നടത്തിയിരുന്നു. കൂടാതെ വിലകൂടിയ ആഡംബര വാഹനങ്ങളും വിറ്റഴിച്ചു.
തട്ടിപ്പ് നടത്തി പോലീസിൽ കീഴടങ്ങിയ ഉടമ റോയി ഡാനിയലിനെയും മക്കളെയുംകൊണ്ട് നടത്തിയ തെളിവെടുപ്പിൽ കർണാടക, ആന്ധ്ര, തമിഴ്നാട്, കേരളത്തിൻെറ വിവിധ ജില്ലകളിൽ വസ്തുക്കളും ഫ്ലാറ്റുകൾ, 16 വാഹനങ്ങൾ എന്നിവ അന്വേഷണസംഘം കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനെയെല്ലാം നിലവിലെ വിലകൾ നിശ്ചയിച്ച് വിൽപന നടത്തിയാലും ഏകദേശം 200 കോടിക്ക് മുകളിൽ വരില്ല. കൂടാതെ നിക്ഷേപകർ തമ്മിൽ പലതട്ടായി തിരിയുന്നതും പ്രതിസന്ധി സൃഷ്ടിക്കും.