പത്തനംതിട്ട : പോപ്പുലര്‍ തട്ടിപ്പില്‍ ഇരയായ നിക്ഷേപകര്‍ കടുത്ത സമരമാര്‍ഗ്ഗങ്ങളിലേക്കും നടപടികളിലേക്കും നീങ്ങുവാന്‍ സാധ്യത. കോടതി ഉത്തരവുകള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തികഞ്ഞ അലംഭാവം കാണിക്കുകയാണെന്ന് നിക്ഷേപകര്‍ ഒന്നടങ്കം പറയുന്നു. പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴതുകള്‍ ഒരുക്കുകയാണ് ഇവരെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ രൂക്ഷമാകുവാനാണ് സാധ്യത.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രതിഷേധ ജ്വാല സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടക്കും. ഇതോടൊപ്പം 14 ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുമ്പിലും നിക്ഷേപകരുടെ പ്രതിഷേധം നടക്കും. പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് രാവിലെ 9:30 മുതല്‍ 12 മണി വരെ നില്‍പ്പ് സമരമാണ് നടത്തുന്നതെന്ന് പ്രസിഡന്റ് സി.എസ്.നായര്‍ പറഞ്ഞു.
കോടതിയില്‍ എത്തിയ കണക്കുപ്രകാരം മുപ്പതിനായിരം നിക്ഷേപകര്‍ക്കായി 1200 കോടി രൂപയാണ് കൊടുക്കുവാനുള്ളത്. തുടക്കംമുതല്‍ പോലീസ് നിഷ്ക്രിയമായിരുന്നു. പണം നഷ്ടപ്പെട്ട നിക്ഷേപകരോട് സാമാന്യ മര്യാദപോലും കാണിച്ചില്ല. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും തിരിഞ്ഞുനോക്കിയില്ല. സമരവും കോടതി നടപടികളുമായി നിക്ഷേപകര്‍ നീറി നീറി കഴിയുകയാണ്. മുപ്പതോളം നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുകയോ ഹൃദയംപൊട്ടി മരിക്കുകയോ ചെയ്തു. എന്നിട്ടും തിരിഞ്ഞുനോക്കാത്ത ജനപ്രതിനിധികളാണ് നിക്ഷേപകര്‍ക്ക് മുന്നിലുള്ളത്. പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ അടച്ചുള്ള കോടതി നടപടികളാണ് നടന്നുവരുന്നത്.
സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകും. തങ്ങളുടെ പണം തട്ടിയെടുത്ത പ്രതികള്‍ ജാമ്യത്തിലിറങ്ങി സുഖജീവിതം നയിക്കുകയാണെന്നും ഇത് എന്നും കണ്ടുകൊണ്ടിരിക്കുകയില്ലെന്നും ചില നിക്ഷേപകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
© Eastindia Broadcasting Pvt. Ltd.