24.6 C
Pathanāmthitta
Sunday, October 17, 2021 10:59 am
Advertisment

പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കും – തട്ടിപ്പിന്റെ അടുത്ത അദ്ധ്യായം ; അന്വേഷണം ഓസ്ട്രേലിയയിലേക്ക് നീങ്ങുന്നു – കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതികളുടെ പുതിയ നീക്കങ്ങള്‍ കൂടുതല്‍ സംശയത്തിന് ഇടനല്‍കുന്നു. നിക്ഷേപമായി ലഭിച്ച കോടികള്‍ വിദേശത്തേക്ക് കടത്തിയെന്ന സൂചന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടും അതെക്കുറിച്ച് വെളിപ്പെടുത്തുവാന്‍ പ്രതികള്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് പൂട്ടിക്കിടക്കുന്ന തങ്ങളുടെ പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പിനി ഏറ്റെടുക്കുമെന്നും നിക്ഷേപകരുടെ പണം മടക്കി ലഭിക്കുമെന്നും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

അബുദാബി കേന്ദ്രീകരിച്ചുള്ള ഡി കാപ്പിറ്റല്‍ പോര്‍ട്ട് ഫോളിയോ എന്ന കമ്പിനി പോപ്പുലര്‍ ഫിനാന്‍സിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചിണ്ടെന്ന്  പ്രധാന പ്രതികളായ തോമസ്‌ ദാനിയേല്‍ എന്ന റോയിയും മകള്‍ റിനു മറിയവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളോ ഇവര്‍ പോപ്പുലര്‍ ഫിനാന്‍സുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളോ ഇ ഡി കണ്ടെത്തിയിട്ടില്ല. തോമസ് ഡാനിയേലിനെയും റിനു മറിയത്തെയും ആറു ദിവസം കൂടി കസ്റ്റഡിയില്‍  വേണമെന്ന് ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടില്‍ പ്രതികളുടെ പുതിയ നീക്കം തട്ടിപ്പാണെന്ന് നിക്ഷേപകരുടെ പ്രതിനിധികള്‍ പറഞ്ഞു. നിക്ഷേപകരെ കബളിപ്പിച്ച്‌ എങ്ങനെയെങ്കിലും രാജ്യം വിടുവാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും പറയുന്നു. ഡി കാപ്പിറ്റല്‍ പോര്‍ട്ട് ഫോളിയോ എന്ന കമ്പിനിക്ക് അബുദാബിയില്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നില്ല. ഒത്തുതീര്‍പ്പും ഏറ്റെടുക്കല്‍ നാടകവും കളിക്കാന്‍വേണ്ടി  കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പിനി എന്നതിലുപരി ഒരു പ്രവര്‍ത്തനവും ഈ സ്ഥാപനം നടത്തിയിട്ടില്ല. യു.എ.ഇ എക്സ്ച്ചേഞ്ച് സ്ഥാപകരില്‍ ഒരാളായിരുന്ന തിരുവനന്തപുരം സ്വദേശി ദാനിയേല്‍ വര്‍ഗീസിന്റെ പേരിലാണ്  കമ്പിനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കോടതിയുടെ മുമ്പിലുള്ള കണക്ക് പ്രകാരം മുപ്പതിനായിരം നിക്ഷേപകര്‍ക്കായി 1200 കോടി രൂപ തിരികെ നല്കുവാനുണ്ട്. കള്ളപ്പണം നിക്ഷേപിച്ചവരും ബിനാമി ഇടപാടുകാരും ഇതുവരെ പരാതിയുമായി വന്നിട്ടില്ല. ആയിരക്കണക്കിന് കോടികള്‍ ഈ ഇടപാടില്‍ ഉണ്ടെന്ന് സംശയിക്കുന്നു. സഭാ പിതാക്കന്മാരും വൈദികരും ഉള്‍പ്പെടെയുള്ളവരുടെ വന്‍ നിക്ഷേപം പോപ്പുലറില്‍ ഉണ്ടായിരുന്നതായാണ് വിവരം. അതുകൊണ്ടുതന്നെ ഇവരെ കേസില്‍ നിന്ന് രക്ഷിച്ചെടുക്കുവാന്‍ വലിയ രീതിയിലുള്ള ശ്രമം തുടക്കം മുതല്‍ നടന്നുവരികയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും അനധികൃത പണം വിശ്വസ്തതയോടെ കൈകാര്യം ചെയ്തിരുന്നതും റോയി ആണെന്ന് പറയുന്നു.

നിലവില്‍ പൂട്ടിക്കിടക്കുന്ന 273 ബ്രാഞ്ചുകളും കൊടുത്തു തീര്‍ക്കുവാനുള്ള 1200 കോടി രൂപയുടെ ബാധ്യതയും ഏറ്റെടുക്കുവാന്‍ സ്വബോധത്തോടെ ആരും മുന്നോട്ടുവരില്ല എന്നുറപ്പാണ്. കാരണം കോടികള്‍ മുടക്കിയാല്‍ പ്രത്യേകിച്ച് നേട്ടമൊന്നുമില്ല എന്നതുതന്നെ. തന്നെയുമല്ല ഇതുപോലെ ഒരു ധനകാര്യ സ്ഥാപന ശ്രുംഗല പുതിയതായി കെട്ടിപ്പെടുക്കുവാന്‍ കുറഞ്ഞ മുതല്‍മുടക്കില്‍ കഴിയും. പിന്നെയെന്തിന് 1200  കോടി ചെലവഴിക്കുന്നു എന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്. തന്നെയുമല്ല ഏറ്റെടുക്കുവാന്‍ തയ്യാറുള്ളവര്‍ കോടതിയില്‍ തങ്ങളുടെ താല്‍പ്പര്യം അറിയിക്കണം. ഇവിടെ അതും ഉണ്ടായിട്ടില്ല എന്നതും സംശയത്തിന് ഇടനല്‍കുന്നു.

കോടതിയേയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും നോക്കുകുത്തിയാക്കി പുറത്തുവെച്ച് രഹസ്യമായും പരസ്യമായും ചര്‍ച്ചകള്‍ നടത്തുകയാണ് ഇവര്‍ . ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ പരാതിക്കാരെയും സാക്ഷികളെയും തങ്ങളുടെ വരുതിയിലാക്കി തെളിവുകള്‍ നശിപ്പിക്കുവാനുള്ള ശ്രമവും നടത്തിവരികയാണ്. പ്രതിഭാഗം അഭിഭാഷകനും നിക്ഷേപകരുടെ പ്രതിനിധികളായി രംഗപ്രവേശം ചെയ്ത ചിലരുമാണ്‌ ഇതിനു ചുക്കാന്‍ പിടിക്കുന്നത്‌. നിക്ഷേപകരുടെ ഇടയില്‍ പോപ്പുലര്‍ ഫിനാന്‍സ്  ഒരു വിദേശ കമ്പിനി ഉടന്‍ ഏറ്റെടുക്കും എന്ന ധാരണ പരത്തി  അതുവഴി കോടതിയില്‍ അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കുവാനാണ് പ്രതികള്‍ ശ്രമിക്കുന്നത്. ഇതിന് പരാതിക്കാരായ നിക്ഷേപകരുടെ സഹകരണം കൂടിയേ തീരൂ.

കോടതിയില്‍ പ്രധാന തെളിവായി സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടര്‍ ഹാര്ഡ് ഡിസ്ക്കുകള്‍ എങ്ങനെയും കൈക്കലാക്കുവാന്‍ പ്രതികളും കൂട്ടരും ആവുന്നത്ര ശ്രമിച്ചിരുന്നു. നിക്ഷേപ സംഘടനകളും സി.ബി.ഐയും ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. കോടതികളില്‍ ഇരിക്കുന്ന കേസുകള്‍ പിന്‍വലിപ്പിക്കുവാനും ശ്രമം നടന്നു. കോഴഞ്ചേരിയില്‍ ഒരു ഡോക്ടറുടെ പിതാവിനെ തെറ്റിദ്ധരിപ്പിച്ച് ചില കടലാസുകള്‍ ഒപ്പിട്ടുവാങ്ങിയത് കഴിഞ്ഞനാളിലാണ്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം കാറിലെത്തിയ നാലോളം പേരാണ് ഇത് ചെയ്തത്.

ഏറ്റെടുക്കല്‍ നാടകത്തിന്റെ മായിക വലയത്തില്‍ നിക്ഷേപകരെ കുടുക്കിയിട്ട് എങ്ങനെയും രക്ഷപെടുവാനുള്ള നീക്കമാണ് നടക്കുന്നത്.  ഏറ്റെടുക്കല്‍ നാടകത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുവാനും തെളിവുകള്‍ നശിപ്പിക്കുവാനും ശ്രമിച്ചരെ അറസ്റ്റ് ചെയ്യുവാനും സാധ്യതയുണ്ട്.

കേന്ദ്ര എജന്‍സികളുടെ അന്വേഷണം ശക്തമായി മുമ്പോട്ടു പോകുന്നത് ഇവരുടെ നീക്കത്തിന് തിരിച്ചടി ആയിട്ടുണ്ട്‌. കോടികള്‍ ഇന്ത്യക്ക് വെളിയിലേക്ക് ഒഴുകിയെന്നാണ് വിവരം. പ്രധാനമായും ഓസ്ട്രേലിയയിലേക്ക് അന്വേഷണം ഉടന്‍ നീളും. പ്രധാന പ്രതിയായ തോമസ്‌ ദാനിയേലിന്റെ സഹോദരിയും ഭര്‍ത്താവും അവിടെയാണ് താമസം. കൂടാതെ പോപ്പുലര്‍ കമ്പിനിയുടെ ചെയര്‍പേഴ്സനും തോമസ്‌ ദാനിയേലിന്റെ മാതാവുമായ മേരിക്കുട്ടി ദാനിയേലും ഇപ്പോള്‍ ഇവിടെയാണ്‌ താമസം. തോമസ്‌ ദാനിയേലിന്റെ സഹോദരിക്കും ഭര്‍ത്താവ് വര്‍ഗീസ്‌ പൈനാടത്തിനും ഈ പ്രമാദമായ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ഓസ്ട്രേലിയയില്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് ഇവരാണ്. അതുകൊണ്ടുതന്നെ അന്വേഷണം ഇവരിലേക്ക് നീങ്ങും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍ പോളിന്റെ സഹായം തേടിയിട്ടുണ്ട്.

പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാരിലെക്കും അന്വേഷണം നീളുകയാണ്. കോന്നി വകയാറിലെ കേന്ദ്ര ഓഫീസിലെ ജീവനക്കാര്‍, സോണല്‍ മാനേജര്‍മാര്‍, മാനേജര്‍മാര്‍ എന്നിവരിലേക്ക് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പോപ്പുലറില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് കോടികളുടെ മണിമാളികയാണ് ചില ജീവനക്കാര്‍ നിര്‍മ്മിച്ചത്. ഇത് സംബന്ധിച്ച തെളിവുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു കഴിഞ്ഞു. താമസിക്കാതെ ഇവരെ ചോദ്യംചെയ്യും. ഒരുപക്ഷെ അറസ്റ്റും ഉണ്ടാകും.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular