തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയങ്ങളിലെ വൈദ്യുതിയുടെ ആവശ്യകത 600 മുതല്‍ 800 മെഗാവാട്ട് വരെ ഉയര്‍ന്നു.അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.
ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുളള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തിലെ ആവശ്യകതയില്‍ നിന്ന് 600 മുതല്‍ 800 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുമുണ്ട് – വാര്‍ത്താകുറിപ്പില്‍ പറയുന്നു.
മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 600 മുതല്‍ 800 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും ഉണ്ടായാല്‍ ഇന്ന് (07.09.2026 ) സംസ്ഥാനത്ത് വൈകുന്നേരം 6 മണിക്കും 12 മണിക്കുമിടയില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
































