ന്യൂഡല്‍ഹി : കര്‍ഷകരുടെ പാര്‍ലമെന്‍റ് ധര്‍ണ്ണയുടെ സമരവേദി മാറ്റിയേക്കും. സമര വേദി ജന്തര്‍മന്തറിലേക്ക് മാറ്റാനാണ് സാധ്യത. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റി യോഗം ചേരുകയാണ്. ദില്ലി പോലീസ് കമ്മീഷണറുമായി ഇന്ന് നടന്ന ചര്‍ച്ചക്ക് ശേഷമാണ് യോഗം. അതീവ സുരക്ഷ മേഖലയായ പാര്‍ലമെന്റിന് മുന്നില്‍ നിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പോലീസിന്‍റെ ആവശ്യം.
പാര്‍ലമെന്റിന് മുന്നിലേക്ക് സമരം മാറ്റാന്‍ കര്‍ഷകര്‍ തയ്യാറെടുത്തതിന് പിന്നാലെ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. പ്രതിഷേധത്തിന്റെ പാത അവസാനിച്ച് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് എത്തണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ രംഗത്തെത്തിത്. പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ സഭക്ക് അകത്തും പുറത്തും കര്‍ഷക സമരം സര്‍ക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കാനിരിക്കെയാണ് കൃഷിമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് മാത്രമേ ചര്‍ച്ചയ്ക്കൊള്ളൂ എന്ന നിലപാടിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച.