തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായ ദിവസങ്ങള്‍ പത്തുകോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13 ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ് എന്ന റെക്കോഡാണ് രണ്ടുദിവസങ്ങളിലായി മറികടന്നത്. ഈവര്‍ഷം മാര്‍ച്ച് 13ന് 9.022 കോടി യൂണിറ്റും മാര്‍ച്ച് 14 ന് 9.204 കോടി യൂണിറ്റും വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയിരുന്നു.
അതേസമയം സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. ആറ് ജില്ലകളില്‍ താപനിലാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് തുടരും. കൊല്ലം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് തുടരും. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.