തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ കോവിഡ് വാർഡുകളിൽ വിതരണം ചെയ്യുന്ന പിപിഇ കിറ്റുകൾക്കു ഗുണനിലവാരമില്ലാത്തതിനാൽ ഇവ ധരിക്കുന്നവർ നിർജലീകരണം ബാധിച്ചു കുഴഞ്ഞു വീഴുകയാണെന്ന പരാതിയുമായി നഴ്സുമാരുടെ സംഘടന. ആരോഗ്യ വകുപ്പിനു കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോപ്പറേഷൻ വിതരണം ചെയ്യുന്ന കിറ്റുകളെക്കുറിച്ച് സിപിഎം അനുകൂല നഴ്സിങ് സംഘടനയായ കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷനാണു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണാ ജോർജിനും പരാതി നൽകിയത്.
കമ്പനിയുടെ പേരോ ബ്രാൻഡോ ഇല്ലാത്ത പിപിഇ കിറ്റും തിരുപ്പതിയിൽ നിന്നുള്ള സിഎസ് കെയർ ബ്രാൻഡ്‍ പിപിഇ കിറ്റുമാണ് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നത്. ഇവ ധരിച്ചു കൊണ്ട് ഒരു മണിക്കൂർ പോലും ജോലി ചെയ്യാൻ കഴിയില്ല. അസഹ്യമായ ചൂടും വിയർപ്പും കാരണം നിർജലീകരണം സംഭവിക്കുകയും ജീവനക്കാർ തളർന്നു വീഴുകയും ചെയ്ത ഒട്ടേറെ സംഭവങ്ങളുണ്ടായി. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴിവെയ്ക്കും.
പിപിഇ കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരിശോധന വേണം. കോവിഡ് ബാധിതരെ പരിചരിക്കുന്നവർ തുടർച്ചയായി 4 മുതൽ 6 മണിക്കൂർ വരെ പിപിഇ കിറ്റ് ധരിച്ചു ജോലി ചെയ്യണം. ഈ സമയത്തു വെള്ളം കുടിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ പറ്റില്ലെന്നും സംഘടന വ്യക്തമാക്കി.