കൊച്ചി : നടന്‍ പ്രതാപ് പോത്തന്റെ വേര്‍പാട് മലയാള സിനിമാലോകത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്. ഉറക്കത്തിനിടയില്‍ ഉണ്ടായ ഹൃദയാഘാതമാണ് പ്രതാപ് പോത്തനെ മരണത്തിലേക്ക് നയിച്ചിരിക്കുന്നത്. നടന്റെ മുന്‍ഭാര്യ തന്നെയാണ് ഇക്കാര്യം പുറംലോകത്തോട് പറഞ്ഞത്. മലയാള സിനിമയില്‍ നിന്നും മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളാണ് പ്രതാപ് പോത്തന് ആദാരാഞ്ജലികള്‍ നേര്‍ന്നിരുന്നു. ഇപ്പോള്‍ സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പാണ് ഏവരുടേയും കണ്ണ് നനയിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പ്രതാപ് എനിക്ക് എന്നും പ്രിയങ്കരനായിരുന്നു. എന്റെ അപ്പന്റെ ഫസ്റ്റ് കസിന്‍ ആയത് കൊണ്ട് മാത്രമല്ല, ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്ബോഴെല്ലാം പ്രതിപക്ഷ ബഹുമാനവും സ്‌നേഹവും ഒക്കെ പ്രതാപിന്റെ വാക്കുകളില്‍ എന്നുമുണ്ടായിരുന്നു. അഞ്ച് ദിവസം മുന്‍പ്, ഞങ്ങളുടെ പ്രിയ പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കെ, വരാന്‍ പോകുന്ന മരണത്തെക്കുറിച്ച് തൊട്ടും തൊടാതെ സ്വന്തം വില്ലിനെക്കുറിച്ചും താന്‍ ക്രിമിനേറ്റ് ചെയ്യപ്പെടണം എന്നൊക്കെയുള്ള പദങ്ങള്‍ വന്ന് പോയതായി ഓര്‍ക്കുന്നു. സൗമ്യമായി ഒഴുകുന്ന പുഴ പോയി അഴിമുഖത്ത് ചേരുമ്ബോള്‍ കാണുന്ന സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. പ്രതാപ് ചിലപ്പോള്‍ വിസ്മൃതിയില്‍ ആണ്ടു പോയേക്കാം. പക്ഷേ, ‘തകര ‘ ജീവിക്കും.