പത്തനംതിട്ട: കോവിഡ് സാഹചര്യം മുലം വിദേശ രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾ എങ്ങനെയും മാതൃരാജ്യത്തേക്ക് മടങ്ങുവാൻ കാത്തിരിക്കുമ്പോൾ ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടി പ്രവാസികളുടെ ദുരിതം പതിന്മടങ്ങായി വർദ്ധിപ്പിക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ചാർട്ടേഡ് വിമാനങ്ങളിലെത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കുക, പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിന് പ്രവാസി ഇന്ത്യക്കാർ നേരിടുന്ന ക്ലേശം മനസ്സിലാക്കാതെയുള്ള തീരുമാനം ചർട്ടേഡ് വിമാനങ്ങളിൽ തിരികെ എത്തുവാൻ കാത്തിരിക്കുന്ന പ്രവാസി മലയാളികളുടെ യാത്ര മുടക്കുവാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്. തെറ്റായ ഈ നടപടി അടിയന്തിരമായി പുന:പരിശോധിക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാട്ടുന്നത് കടുത്ത അവഗണനയും നീതി നിഷേധവുമാണ്. പ്രവാസി പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപനങ്ങൾ മാത്രം നടത്താതെ അനുകൂലമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കി ആത്മാർത്ഥത തെളിയിക്കുവാൻ കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾ തയ്യാറാകണമെന്നും ആന്റോ ആന്റണി പറഞ്ഞു.
പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, പ്രവാസി കോൺഗ്രസ് ജില്ലാ ഭാരവാഹികളായ അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, ബീനാ സോമൻ, രാജശേഖരൻ നായർ, അജിത് മണ്ണിൽ, നിയേജക മണ്ഡലം പ്രസിഡന്റ് രാജശേഖരൻ നായർ, മണ്ഡലം പ്രസിഡന്റ് ജോസ് കൊടുംന്തറ, സാമുവൽ മൈലപ്ര, ജോർജ്ജ് കുട്ടി മുണ്ടുകോട്ടയ്ക്കൽ, ഹനീഫ, ഒ.ഐ.സി ഭാരവാഹികളായ വിത്സൺ വലിയകാല, ബിജു മലയിൽ എന്നിവർ പ്രസംഗിച്ചു.