കൊച്ചി: സ്രാവുകളുടെ സംരക്ഷണം മുൻനിർത്തി ഇന്ത്യൻ സമുദ്രാതിർത്തിയിൽ ‘സ്രാവ് ഹോട്‌സ്‌പോട്ടുകൾ’ നിശ്ചയിക്കണമെന്ന നിർദേശവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സ്രാവ് പിടുത്തവുമായി ബന്ധപ്പെട്ട് മുൻകരുതലുകൾ സ്വീകരിക്കുന്നതിനാണ് ഈ നിർദേശം. വംശനാശഭീഷണി നേരിടുന്നതും പ്രജനനം നടത്താൻ പാകമായതുമായ സ്രാവിനങ്ങൾ, കുഞ്ഞുങ്ങൾ എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. സ്രാവുകളുടെ സംരക്ഷണം സംബന്ധിച്ച് കൊച്ചിയിൽ നടന്ന ചർച്ചയിലാണ് സിഎംഎഫ്ആർഐ ഈ നിർദേശം അവതരിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്രാവുകളുടെ ലഭ്യത കുറഞ്ഞുവരുന്നതായാണ് കണക്ക്. മിക്ക സ്രാവുകൾക്കും കൂടിയ ആയുർദൈർഘ്യവും കുറഞ്ഞ പ്രത്യുൽപാദന നിരക്കുമാണുളളത്. അതിനാൽ തന്നെ അമിതചൂഷണത്തെ പ്രതിരോധിക്കാൻ കഴിയില്ല. ഇവയുടെ ചെറിയ കുഞ്ഞുങ്ങളെ പിടികൂടുന്നതും സ്രാവ് സമ്പത്തിന് ഭീഷണിയാണ്. ഇന്ത്യൻ തീരങ്ങളിൽ 2012 മുതൽ 2022 വരെയുള്ള സ്രാവ്, തിരണ്ടി, ഗിത്താർ മത്സ്യം എന്നിവയുടെ മൊത്ത ലഭ്യതയിൽ ഏകദേശം 55 ശതമാനം കുറവുണ്ടായിട്ടുണ്ട്- ശിൽപശാലയിൽ സിഎംഎഫ്ആർഐ അവതരിപ്പിച്ച റിപ്പോർ്ട്ട് ചൂണ്ടിക്കാട്ടി. സ്രാവുകളുടെ സംരക്ഷണത്തിന് തുടർച്ചയായ നിരീക്ഷണവും വിലയിരുത്തലുകളും ആവശ്യമാണ്. മത്സ്യത്തൊഴിലാളികളെയും അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും കൃത്യമായി ബോധവൽക്കരിക്കുകയും വേണം- റിപ്പോർട്ട് അവതരിപ്പിച്ച സിഎംഎഫ്ആർഐയിലെ ഫിൻഫിഷ് ഫിഷറീസ് ഡിവിഷൻ മേധാവി ഡോ ശോഭ ജോ കിഴക്കൂടൻ പറഞ്ഞു.
സ്രാവുകളെക്കുറിച്ചുള്ള സിഎംഎഫ്ആർഐയുടെ ഗവേഷണ പ്രവർത്തനങ്ങൾ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ വിശദീകരിച്ചു. ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് സ്രാവ്-തിരണ്ടി-ഗിത്താർമത്സ്യ വിഭാഗത്തിൽപെട്ട 121 ഇനങ്ങളുടെ വാർഷിക ലാൻഡിംഗ് വിവരങ്ങൾ സിഎംഎഫ്ആർഐ രേഖപ്പെടുത്തിവരുന്നുണ്ട്. ഏതൊക്കെ രീതികളാണ് സ്രാവുകളുടെ നിലനിൽപ് അപകടത്തിലാക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് സിഎംഎഫ്ആർഐ ഊന്നൽ നൽകും. ഫലപ്രദമായ സംരക്ഷണം, സുസ്ഥിരത, കൈകാര്യരീതികൾ എന്നിവ രൂപപ്പെടുത്തുന്നതിന് ഈ അറിവ് നിർണായകമാകും. സ്രാവ് സമ്പത്തിനെ ആശ്രയിക്കുന്ന തീരദേശ സമൂഹങ്ങളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് ഗുണം ചെയ്യും. – അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആർഐയെ ഇന്ത്യയിലെ സൈറ്റസ് (വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്തർദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷൻ) സയന്റിഫിക് അതോറിറ്റിയായി അംഗീകരിച്ചിട്ടുണ്ട്. കൂടാതെ സൈറ്റസ് പട്ടികയിലുൾപ്പെട്ട സമുദ്രജീവികളെക്കുറിച്ചുള്ള നോൺ-ഡിട്രിമെന്റൽ ഫൈൻഡിംഗ് പഠനങ്ങൾ നടത്തുന്നതും സിഎംഎഫ്ആർഐയാണ്. ഇതുവരെ 11 മത്സ്യങ്ങളുടെ ആറ് എൻഡിഎഫ് പഠനങ്ങൾ സിഎംഎഫ്ആർഐ പുറത്തിറക്കിയിട്ടുണ്ട്.
സ്രാവുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ സിഎംഎഫ്ആർഐയുടെ വൈദഗ്ധ്യം ആഗോള അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്. കടൽജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി രാജ്യാന്തര സ്ഥാപനങ്ങളുടെ പഠനസംഘങ്ങളിലും പാനലുകളിലും സിഎംഎഫ്ആർഐയിലെ ഗവേഷകർ ഇടംനേടിയിട്ടുണ്ട്. സ്രാവുകളുടെ ജനിതകപഠനവുമായി ബന്ധപ്പെട്ട് സാങ്കേതിക സഹകരണത്തിനായി ഒമാൻ സർക്കാർ സിഎംഎഫ്ആർഐയെ സമീപിച്ചിട്ടുണ്ടെന്ന് ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു.