അതിരപ്പിള്ളി : അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടാനയുടെ ചവിട്ടിൽ സതീഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞു. ശ്വാസകോശത്തിലും കരളിലും വാരിയെല്ലുകൾ തുളച്ചു കയറിയതിനാൽ രക്തം വാർന്നായിരുന്നു മരണം സംഭവിച്ചത്. ശ്വാസകോശത്തിലും ശരീരഭാഗത്തും രക്തം കട്ടപിടിച്ചു. താലൂക്ക് ആശുപത്രിയിൽ സതീഷിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സതീഷിനൊപ്പം മരണപ്പെട്ട വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ അംബികയുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളജിൽ നടക്കുകയാണ്. ഈ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കും.
അംബികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് തടഞ്ഞ് പ്രതിഷേധമുണ്ടായിരുന്നു. കോൺഗ്രസിന്റെ ബെന്നി ബെഹനാൻ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയ ബന്ധുക്കൾ മൃതദേഹം എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. എം പിക്കെതിരെയും ബന്ധുക്കൾ രംഗത്തെത്തി. മുൻപ് കാട്ടാനയാക്രമണം ഉണ്ടായപ്പോൾ ഇടപെടാത്ത എംപി ഇപ്പോൾ മൃതദേഹം കൊണ്ടുപോകുന്നത് തടയുന്നത് എന്തിനാണെന്നും ബന്ധുക്കൾ ചോദിച്ചു. പോലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റി മൃതദേഹവുമായി എത്തിയ ആംബുലൻസിന് വഴി നൽകിയത്.