തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല – മകരവിളക്ക് സീസൺ ആരംഭിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കുമ്പോള്‍ ലേലനടപടികൾ മുന്നൊരുക്കങ്ങൾ എന്നിവ മന്ദഗതിയിലാണെന്ന വാർത്തകളിൽ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആശങ്ക രേഖപ്പെടുത്തി. വിഷയത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സീസൺ ആരംഭിക്കുമ്പോള്‍ ഭക്തരുടെയും പൊതുസമൂഹത്തിന്‍റെയും മുന്നില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും തല കുനിക്കേണ്ടിവരും. അതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും എംപ്ലോയീസ് ഫ്രണ്ട് പരാതി നൽകി. വിഷയങ്ങൾ ഗൗരവകരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും ഉറപ്പ് നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.
ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും എംപ്ലോയീസ് ഫ്രണ്ട് ഉന്നയിച്ച വിഷയങ്ങളിൽ നടപടി ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.ജയകുമാർ അറിയിച്ചു. സീസൺ കാലയളവിൽ ലഭിക്കുന്ന വരുമാനമാണ് ക്ഷേത്രങ്ങളിലെ നിത്യ ചെലവുകൾ, ശമ്പളം, പെൻഷൻ എന്നിവയ്ക്ക് ആധാരം. ഈ വരുമാനത്തിന് ഇടിവുണ്ടായാൽ ക്ഷേത്ര ചടങ്ങുകളെ വരെ സാരമായി ബാധിച്ചേക്കാം. ശബരിമലയിലും മറ്റും പുതുതായി ഏർപ്പെടുത്തുവാനുദ്ദേശിക്കുന്ന ക്രമീകരങ്ങൾക്കെല്ലാം ദേവസ്വം ജനറൽ ഫണ്ടിൽ നിന്നും പണം ചെലവഴിക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം. കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ സ്പോൺസർമാരെ അനുവദിക്കാവു. എല്ലാ ചെലവുകൾക്കും ആവശ്യമായ പണം ജനറൽ ഫണ്ടിൽ നിന്നും ഉപയോഗിക്കുന്നത് ശരിയല്ല. ശബരിമലയിൽ ജോലി ചെയ്യുന്ന ദേവസ്വം ജീവനക്കാർക്ക് നൽകുന്ന മെസ്സിലെ ആഹാരം മോശമാണെന്ന പരാതി വർഷങ്ങളായി നിലനിൽക്കുന്നുണ്ട്.
പോലീസ് മെസ്സിന്‍റെ പ്രവർത്തനക്രമം പാലിച്ച് ആഹാരത്തിന് പ്രത്യേകം മെനു തയ്യാറാക്കി പ്രദർശിപ്പിച്ച് മെസ്സ് നടത്തണം. നിലവിൽ ജീവനക്കാരുടെ മെസ്സ് മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിന് മുകളിലാണ്. ജീവനക്കാര്‍ ഇവിടെ വരെ നടന്നെത്തുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. പലപ്പോഴും ഡ്യൂട്ടി കഴിഞ്ഞെത്തുമ്പോള്‍ ആഹാരം തീർന്നുപോവുകയും ചെയ്യും. അതിനാല്‍ ദേവസ്വം ജീവനക്കാർക്കായി സ്റ്റാഫ് ക്വർട്ടേഴ്സിന് സമീപമുള്ള പഴയ മെസ്സ് പുനസ്ഥാപിക്കുന്നതോടൊപ്പം അവർക്കായി പ്രത്യേക സ്ഥലം ക്രമീകരിക്കണം. ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കുകയും പാത്രങ്ങൾ കഴുകാനുള്ള സൗകര്യവും ഡ്രെയിനേജ് സംവിധാനവും മെച്ചപ്പെടുത്തണം. ഒരു ദിവസത്തെ സന്ദർശനത്തിന് വരുന്ന ഭക്തർക്ക് സദ്യ ഉൾപ്പെടെയുള്ള വിഭവങ്ങൾ നൽകുമ്പോൾ ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 66 ദിവസം തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാരുടെ ഭക്ഷണ – താമസ സൗകര്യങ്ങൾ കൂടി ബോർഡ് മെച്ചപ്പെടുത്തണം.
ശബരിമലയിലെ കടകളുടെ ലേലത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം കരാറുകാർക്കും ആവശ്യമായ കമ്പ്യൂട്ടർ പരിജ്ഞാനം പരിമിതമായിരിക്കാനുള്ള സാധ്യതയുണ്ട്. ലേലക്കാർക്ക് ആവശ്യമായ പരിശീലനവും ബോധവത്കരണവും നല്കണം. ശബരിമല ഭണ്ഡാരത്തിൽ ജീവനക്കാരെ മാത്രം വിവസ്ത്രരാക്കിയുള്ള പരിശോധന അവസാനിപ്പിക്കണം. ഇതിനായി ഭണ്ഡാരത്തിന്‍റെ വാതിലിൽ ആധുനിക രീതിയിലുള്ള സ്കാനർ സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണം. ശബരിമലയിൽ എസ്റ്റാബ്ലിഷ്മെന്‍റ് ജീവനക്കാർക്ക് ഡ്യൂട്ടി മൂന്ന് ഷിഫ്റ്റുകളായി മാറ്റിയിട്ടുണ്ട്. ഇതുപോലെ ക്ലാസ്സ് ഫോർ ജീവനക്കാർക്കും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തണം. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ബോർഡില്‍ നൽകിയിട്ടുള്ള അപ്പീൽ അപേക്ഷകൾ പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥലംമാറ്റം നടപ്പിലാക്കുവാൻ ദേവസ്വം ബോർഡ് തയ്യാറായിട്ടില്ല. അടിയന്തിരമായി ഇത് നടപ്പാക്കണം.
മാത്രവുമല്ല പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ പല ഗ്രൂപ്പുകളിലും നടപ്പിലാക്കുവാൻ ചില ഉദ്യോഗസ്ഥർ വൈമനസ്യം കാണിക്കുന്നു. കുറച്ച് നാളുകളായി ജീവനക്കാർക്ക് യാതൊരുവിധ ലോണുകളും അനുവദിക്കുന്നില്ല. അക്കൗണ്ട്സ് ഓഫീസിൽ ഫണ്ട് ഇല്ല എന്ന കാരണമാണ് പറയുന്നത്. മുൻ വർഷങ്ങളിൽ ഈ സമയം ശബരിമല ലേലത്തിൽ നിന്നുള്ള തുക ലഭിക്കുമായിരുന്നുവെന്നും എന്നാൽ ഇത്തവണ ലേലം നടക്കാത്തതുകൊണ്ട് ഫണ്ട് ലഭിച്ചിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. ജീവനക്കാർ മക്കളുടെ വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് ലോൺ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കണമെന്നും ബോർഡിനോട് ആവശ്യപ്പെട്ടു. അടുത്ത മാസം ആരംഭിക്കുന്ന അരവണ ബഫർ സ്റ്റോക്കിന്‍റെ ഡ്യൂട്ടിയ്ക്ക് കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ യൂണിയന്‍റെ പ്രവർത്തകരെ മാത്രം തെരഞ്ഞുപിടിച്ച് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
എന്നാൽ ഈ വർഷം ഏകപക്ഷീയമായി ആളുകളെ ഡ്യൂട്ടിക്ക് നിയോഗിക്കുവാൻ അനുവദിക്കില്ല. എല്ലാ താത്പര്യമുള്ള ജീവനക്കാരെയും നിയോഗിക്കുവാൻ ബോർഡ് തയ്യാറാകണം. മാത്രമല്ല മന്ത്രി ഗാർഡിനെ നിയമിച്ചുവെന്ന പേരിൽ മാധ്യമങ്ങളിൽ ചില തെറ്റായ വാർത്ത നൽകിയ പശ്ചാത്തലത്തിൽ ശബരിമല ഗസ്റ്റ് ഹൗസ്, ഡോണർ ഹൗസ്, ഓഫീസ് കോംപ്ലക്സ്, എക്സിക്യൂട്ടീവ് ഓഫീസ് തുടങ്ങിയ വിവിധ പോയിന്‍റ്കളിൽ വർഷങ്ങളായി തുടർച്ചയായി ജോലി ചെയ്യുന്ന ഇടതുപക്ഷ യൂണിയൻ അനുഭാവികളെ ഒഴിവാക്കാന്‍ ബോർഡ് തയ്യാറാകണം. ഉള്ളൂർ അസിസ്റ്റന്‍റ് ദേവസ്വം കമ്മീഷണർക്കെതിരെയുള്ള പരാതിയുൾപ്പെടെ ദേവസ്വം ബോർഡിലേക്ക് സംഘടന നിരവധി പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

































