തട്ടയിൽ : ഒരിപ്പുറത്തു ഭഗവതീക്ഷേത്രത്തിലെ മീനഭരണി കെട്ടുകാഴ്ചയ്ക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. 31, ഏപ്രിൽ ഒന്ന്, രണ്ട്, നാല് തീയതികളിലാണ് അശ്വതി, ഭരണി, കാർത്തിക, തിരുവാതിര ഉത്സവങ്ങൾ. ഏപ്രിൽ ഒന്നിനാണ് പ്രസിദ്ധമായ ഒരിപ്പുറം കെട്ടുകാഴ്ച. കരക്കാർ അണിയിച്ചൊരുക്കുന്ന വിവിധ കെട്ടുരുപ്പടികളുടെ പണി തുടങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിനു കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ കെട്ടുകാഴ്ചകളാണ് ഇരുഭാഗത്തായി പണി പൂർത്തിയായിവരുന്നത്. കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ കെട്ടുകാഴ്ചകൾ മേലേപ്പന്തിയിലുമാണ് നിരത്തിവെയ്ക്കുന്നത്. തുടർന്ന് കരപറച്ചിൽ നടക്കും. കരയുടെ പേരുപറഞ്ഞ് പ്രദക്ഷിണംവെച്ച് ആൽച്ചുവട്ടിൽ തേങ്ങയുടച്ച് കരക്കാർ കെട്ടുകാഴ്ചകൾ പന്തിയിൽ നിന്നും ഇറക്കിവെയ്ക്കും.
കരകളുടെ ക്രമമനുസരിച്ച് കാഴ്ചകൾ പ്രദക്ഷിണംവെച്ചുതുടങ്ങും. കിഴക്കും പടിഞ്ഞാറും കരകളിലെ ചെറിയ കെട്ടുരുപ്പടികൾ യഥാക്രമം മൂന്നുപ്രാവശ്യം വട്ടമടി പൂർത്തിയാക്കി പന്തിയിൽ തിരികെവെച്ചുകഴിഞ്ഞാൽ വലിയ കെട്ടുരുപ്പടികളുടെ ഊഴമാണ്. ക്രമമനുസരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ചശേഷം കെട്ടുകാഴ്ചകൾ കിഴക്കും പടിഞ്ഞാറുമുള്ള പന്തികളിൽ നിരത്തിവെക്കും. കാർത്തികദിവസമായ രണ്ടാംദിവസം രാവിലെ ആറിന് ഗരുഡൻതൂക്കം നടക്കും. എട്ടുമുതൽ കെട്ടുകാഴ്ചകൾ വീണ്ടും ക്ഷേത്രത്തിനു വലംവെയ്ക്കും പതിനൊന്നുമുതൽ നേർച്ചത്തൂക്കങ്ങൾ ആരംഭിക്കും.