തൃശ്ശൂർ : കോവിഡ് ചികിത്സയിൽ അനിവാര്യമായ മെഡിക്കൽ ഓക്സിജന് വിലനിയന്ത്രണം വരുന്നു. അവശ്യമരുന്നിന്റെ പട്ടികയിലുൾപ്പെടുത്തി വാതകത്തിന്റെ വില ആറുമാസത്തേക്ക് നിയന്ത്രിക്കാൻ ദേശീയ ഔഷധവില നിയന്ത്രണസമിതി തീരുമാനിച്ചു.
ദ്രവരൂപത്തിലുള്ള മെഡിക്കൽ ഓക്സിജന് ക്യൂബിക് മീറ്ററിന് 15.22 രൂപയും സിലിൻഡറിലുള്ള വാതകത്തിന് 25.71 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ സിലിൻഡറിന്റെ കൈകാര്യച്ചെലവുകൂടി ചേർക്കണം. രണ്ടിനങ്ങൾക്കും ചരക്കുസേവന നികുതി പുറമേയാണ്.
തദ്ദേശീയമായി ഉത്‌പാദിപ്പിച്ച് വിതരണം ചെയ്യുന്ന വാതകത്തിന്റെ വിലയാണിത്. മറ്റൊരു ഉത്തരവുണ്ടായില്ലെങ്കിൽ 2021 മാർച്ച് 31 വരെ ഈ വിലയാണ് നിലവിലുണ്ടാവുകയെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇൻഹലേഷനുപയോഗിക്കുന്ന വാതകം നിലവിൽത്തന്നെ വില നിയന്ത്രണത്തിലാണ്. കോവിഡിനു മുൻപ് രാജ്യത്ത് ശരാശരി 750 മെട്രിക് ടൺ ഓക്സിജനാണ് ദിനംപ്രതി ചികിത്സാരംഗത്ത് ആവശ്യം വന്നിരുന്നത്. നിലവിലിത് 2800 മെട്രിക് ടണ്ണായി മാറിയിട്ടുണ്ട്.