കാക്കനാട് : തൃക്കാക്കരയില്‍ ആവേശകരമായ പോളിംഗ് തുടരുന്നു. ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് 23.06% പിന്നിട്ടു. 10.30 ഓടെ 24.2% ആയി പോളിംഗ് ഉയര്‍ന്നു. 2021നെ അപേക്ഷിച്ച് ശക്തമായ പോളിംഗ് ആണ് തൃക്കാക്കരയില്‍ ഇത്തവണ നടക്കുന്നത്. 2021ല്‍ ആദ്യമൂന്നു മണിക്കൂറില്‍ 16.30% ആയിരുന്നു പോളിംഗ്. മുന്‍ തവണത്തെ അപേക്ഷിച്ച് 5.69% അധിക പോളിംഗ് ആണ് ഈ സമയം വരെ നടന്നിരിക്കുന്നത്.
അതിനിടെ, മരോട്ടിച്ചോട് പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. മദ്യപിച്ച് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയതിനെ തുടര്‍ന്നാണ് നടപടി. പകരം ഓഫീസറെ വച്ച് പോളിംഗ് തുടരുകയാണ്. വോട്ടര്‍മാര്‍ പരാതിപ്പെട്ടതോടെ ഓഫീസറെ മാറ്റിയത്. ഒരു ബൂത്തില്‍ പോളിംഗിന്റെ തുടക്കത്തില്‍ ചെറിയ സാങ്കേതിക പ്രശ്‌നം ഉണ്ടായത് ഒഴികെ മറ്റ് പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.