കോട്ടയം: അയര്‍ക്കുന്നത്ത് വൈദികനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ മറ്റോ ഇല്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
വികാരിയായ ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ മാനസികപ്രയാസം അനുഭവിച്ചിരുന്നേക്കാമെന്നാണ് ഇടവകാംഗങ്ങളുടെയും മറ്റ് വൈദികരുടെയും പ്രതികരണം. കൂടാതെ അടുത്തിടെ പള്ളിയിലെ റബര്‍പുരയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കിടെ തീപിടുത്തമുണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. 80 ശതമാനത്തോളം പൊള്ളലേറ്റ ഒരാള്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഈ സംഭവത്തില്‍ വൈദികന് വളരെയേറെ മനപ്രയാസമുണ്ടായിരുന്നു. ഇതാകാം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് മറ്റ് വൈദികരുടെ സംശയം.