ദില്ലി : സിഎജി റിപ്പോർട്ടിനെ ചൊല്ലി കേരളത്തിലടക്കം രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ സിഎജിയുടെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ സർക്കാരിന്റെ കള്ളക്കളികൾ പുറത്ത് കൊണ്ടുവന്നത് സിഎജിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഡിറ്റിനെ ഭയപ്പാടോടെ കണ്ടിരുന്ന കാലം മാറി. രാജ്യത്തിന്റെ പുരോഗതിയിൽ സിഎജിനിർണ്ണായക പങ്കുവഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രഥമ ഓഡിറ്റ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ സർക്കാരുകളും സിഎജിയും തമ്മിൽ വലിയ വടംവലി നടന്നു, സിഎജി ഒരു ഫയൽ ആവശ്യപ്പെട്ടാൽ അത് നൽകാൻ ഉദ്യോഗസ്ഥർ ബാധ്യതസ്ഥരാണ്. രാജ്യത്തിന്റെ ഉൽപാദന ക്ഷമത കൂട്ടുന്നതിൽ സിഎജിയുടെ പങ്ക് നിർണ്ണായകമാണെന്നും ഭരണ സംവിധാനത്തിൽ സിഎജി അഭിവാജ്യ ഘടകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സിഎജിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതായുള്ള ആരോപണം നിലനിൽക്കുന്നതിനിടെയാണ് സിഎജിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ.
മുൻസർക്കാരുകളുടെ കാലത്ത് സിഎജിയും സർക്കാരുകളും തമ്മിൽ വലിയ വടംവലി നടന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഓഡിറ്റിനെ ഭയത്തോടെയാണ് ഉദ്യോഗസ്ഥർ കണ്ടിരുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെ കള്ളക്കളികൾ പുറത്ത് കൊണ്ടുവന്നത് സിഎജിയാണ്. ഇപ്പോൾ ആധുനികവൽക്കരണത്തിന്റെ കാലത്താണ് സിഎജി. ഓഡിറ്റിൽ സർക്കാർ ഇടപെടലുകൾ കുറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. ദില്ലി സിഎജി ആസ്ഥാനത്ത് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.