അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായി കടലിൽ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുങ്ങൽ വിദഗ്ധരോടൊപ്പം കടലിനടിയിൽ നിന്നുളള ചിത്രങ്ങളും മോദി എക്സിൽ പങ്കുവച്ചു. മയിൽപീലിയുമായിട്ടായിരുന്നു മോദി പ്രാര്‍ത്ഥന നടത്തിയത്. കടലിൽ മുങ്ങിയ ശേഷം മോദി ദ്വാരക ക്ഷേത്രത്തിലും ആരാധന നടത്തി. കടലിൽ മുങ്ങിയത് ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്നും പുരാതന കാലഘട്ടവുമായി താൻ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
ഹിന്ദു മതവിശ്വാസ പ്രകാരം ദ്വാരക ശ്രീകൃഷ്ണന്‍റെ രാജ്യമായും പിന്നീട് പ്രദേശം അറബിക്കടലിൽ മുങ്ങിപോയതായും കരുതുന്നു. നേരത്തെ ലക്ഷദ്വീപിലെത്തിയ മോദി തീരത്തോട് ചേര്‍ന്ന് സ്കൂബ ഡൈവിംങ് നടത്തുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഓഖയെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു ഉദ്ഘാടനം അടക്കമുളള ചടങ്ങുകൾക്കായി ഗുജറാത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ഏറ്റവും നീളമേറിയ തൂക്കുപാലമാണ് സുദര്‍ശന്‍ സേതു.