കൽപ്പറ്റ : അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വയ്‌ക്കുന്നതിനെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടപടികൾ കർശനമാക്കി. ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരമായിരിക്കും നടപടി. സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ തുടങ്ങിയവർ മുൻഗണനാ കാർഡുകൾ കൈവശം വെയ്‌ക്കരുത്.
ആദായ നികുതി ഒടുക്കുന്നവർ, പ്രതിമാസം 25,000 രൂപക്ക് മുകളിലുളളവർ, സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുളളവർ (പട്ടികവർഗക്കാർ ഒഴികെ), ആയിരം ചതുരശ്ര അടിക്കുമേൽ വിസ്തീർണ്ണമുളള വീടോ ഫ്ലാറ്റോ ഉളളവർ, നാല് ചക്ര വാഹനം സ്വന്തമായി ഉളളവർ (ഏക ഉപജീവന മാർഗമായി ടാക്‌സി ഒഴികെ), വിദേശ ജോലിയിൽനിന്നോ, സ്വകാര്യ സ്ഥാപന ജോലിയിൽനിന്നോ 25,000 രൂപയിൽ അധികം പ്രതിമാസ വരുമാനം ഉളളവർ തുടങ്ങിയ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ട റേഷൻ കാർഡുടമകൾ 15ന് മുമ്പായി സറണ്ടർ ചെയ്യണം.
സറണ്ടർ ചെയ്യാത്ത റേഷൻ കാർഡുടമകളിൽനിന്ന് അനർഹമായി വാങ്ങിയ മുഴുവൻ റേഷൻ സാധനങ്ങളുടെയും കമ്പോള വിലയും കനത്ത പിഴയും ഈടാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജിവനക്കാർ, ക്ലാസ് 4 തസ്തികയിൽ പെൻഷനായവർ 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ എന്നിവർക്ക് നിയമം ബാധകമല്ല.