ജോർദാൻ : ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ലെസിയും മറ്റ് അണിയറപ്രവർത്തകർക്കൊപ്പം ജോർദാനിലാണെന്നും തങ്ങൾ സുരക്ഷിതരാണെന്നും പൃഥ്വിരാജ് സുകുമാരൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്‍റെെനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക ആരാധകർ പ്രകടിപ്പിച്ചിരുന്നു. അത്തരം നിരവധി സന്ദേശങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് സാഹചര്യം വിശദീകരിച്ചുകൊണ്ടുള്ള നടന്‍റെ പോസ്റ്റ്.
പൃഥ്വിരാജിന്‍റെ പോസ്റ്റിന്‍റെ പൂർണരൂപം…
‘സുരക്ഷിതരായിരിക്കൂ… ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണ്. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണർന്നു പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരിൽ നിന്നു പോലും അകലം പാലിക്കേണ്ട സമയം. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. എന്‍റേയും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരുടെയും സുരക്ഷയെക്കരുതി സന്ദേശങ്ങളയച്ച് ക്ഷേമമന്വേഷിച്ച ഏവർക്കും വലിയ നന്ദി. ജോർദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോൾ. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു തന്നെയാണ് ഉചിതമായ മാർഗം. അതിനാലാണ് ഷൂട്ട് തുടരാൻ തീരുമാനിച്ചത്. ജോർദാനിലെ വ്യോമഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. എല്ലാവരും ഇവിടെ ആയ സ്ഥിതിക്ക് ഒന്നുകിൽ ഈ മരുഭൂമിയിലെ ക്യാമ്പിൽ കഴിയുക, അല്ലെങ്കിൽ ക്യാമ്പിൽ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനിൽ പോയി ഷൂട്ട് തുടരുക. അധികാരികളെ കണ്ടു. യൂണിറ്റിലെ ഓരോ അംഗത്തിനും മെഡിക്കൽ ചെക്കപ്പ് നടത്തി. ലൊക്കേഷൻ ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ അപകടമില്ല. ഷൂട്ട് തുടരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
അതെ, ഞങ്ങളുടെ യൂണിറ്റിലെ രണ്ട് നടൻമാർ അമ്മൻ എന്ന സ്ഥലത്ത് ക്വാറന്‍റെെനിലാണ്. ഒരേ വിമാനത്തിൽ സഞ്ചരിച്ചവർക്കൊപ്പം അവരും നിരീക്ഷണത്തിലാണ്. രണ്ടാഴ്ച്ചത്തെ ക്വാറന്‍റെെൻ സമയം കഴിഞ്ഞ് അവർ നമുക്കൊപ്പം വീണ്ടും ചേരുമെന്നു തന്നെയാണ് പ്രതീക്ഷ. അധികാരികൾ തരുന്ന നിർദേശങ്ങൾക്ക് പ്രാധാന്യം കല്പിക്കുക. അവ അനുസരിക്കുക. ഭയക്കാതിരിക്കുക.’
കോവിഡ് 19 ഭീതിയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി വിദേശത്തു നിന്ന് ജോർദാനിൽ എത്തുന്നവരെ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തിൽ വെക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ്, ഒമാനിൽ നിന്നും വന്ന ഡോ. താലിബ് നിരീക്ഷണത്തിൽ കഴിയുന്നത്. അദ്ദേഹത്തിനൊപ്പം പരിഭാഷകനും യു.എ.ഇയിലെ മറ്റൊരു നടനും നിരീക്ഷണത്തിലാണ്. ചാവുകടലിനടുത്തുള്ള ഒരു ഹോട്ടലിലാണ് നടനെ ക്വാറന്‍റെെനിൽ പാർപ്പിച്ചിരിക്കുന്നത്. ജോർദാൻ എയർപോർട്ടിൽ നിന്നുള്ള വിമാനസേവനവും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.