പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കെട്ടിട നിർമാണ മേഖല അതിരൂക്ഷമായ വിവിധ തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. പുതിയ കെട്ടിടങ്ങൾ, ഫ്ളാറ്റുകൾ, വീടുകൾ, തുടങ്ങിയവയുടെ പ്രവൃത്തികൾ ഇപ്പോൾ നടക്കുന്നില്ല. അത്യാവശ്യനിർമാണം മാത്രമാണ് നടക്കുന്നത്. നിർമാണവസ്തുക്കളുടെ ഇറക്കുമതി മുഴുവൻ മാഫിയകളുടെ കൈയിലാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. ക്വാറികളിൽ പല രീതിയിലാണ് നിർമാണ സാമഗ്രികൾ വില്പന നടത്തുന്നത്. വില ഏകോപിപ്പിക്കാൻ നടപടികളില്ല.
അനിയന്ത്രിതമായ വിലക്കയറ്റം തടയാൻ വില നിയന്ത്രണാധികാര സമിതി രൂപീകരിക്കണം. പ്രകൃതി ചൂഷണം ഒഴിവാക്കാൻ ക്വാറി ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ഇതിനു പരിഹാരമായി മണൽവാരൽ പുനരാരംഭിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. കെ സ്മാർട്ട് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം. അപേക്ഷിച്ച ഉടനെ പെർമിറ്റ് ലഭിക്കുന്നതിലേക്ക് സോഫ്റ്റ് വെയർ പരിഷ്കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പുതിയ നിർമാണ രീതിയിൽ തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് വലിയ തോതിലുള്ള അപകടങ്ങളാണ് സംഭവിക്കുന്നത്. ഇതിനു പരിഹാരമായി സൈറ്റ് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കണം. കരാറുകർക്ക് ലൈസൻസ് അനുവദിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുകയും കുടിശികയില്ലാതെ ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ തയാറാകണമെന്നും ഭാരവാഹികൾ പറഞ്ഞു. ഇത്തരം ആവശ്യങ്ങളുന്നയിച്ചാണ് പഞ്ചദിന സത്യഗ്രഹം അസോസിയേഷൻ നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി ടി. വിനോദ് , ജില്ലാ പ്രസിഡന്റ് ഡി. മനോഹരൻ, ജില്ലാ സെക്രട്ടറി ആർ. ഷാബു, വൈസ് പ്രസിഡന്റ് അനിൽ പി. തോമസ് എന്നിവർ പറഞ്ഞു.





























