തിരുവനന്തപുരം : ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്റെ അമിതമായ വിലവർദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗൺ വന്നതോടെ നിശ്ചലമാകുകയും ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല അതിജീവനത്തിന് വേണ്ടി ബജറ്റിൽ വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഡീസലിന് സബ്സിഡിയോ നികുതിയിളവോ നൽകണമെന്ന് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗത മന്ത്രി എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിൽ അതു സംബന്ധിച്ചുള്ള ഒരു സൂചനയും ഇല്ലാത്തതിലുള്ള ഫെഡറേഷന്റെ പ്രതിഷേധം സർക്കാരിനെ അറിയിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്നും സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.