പത്തനംതിട്ട : പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി എന്താണെന്ന് അറിയാതെ മംഗളം പത്രത്തിന്റെ ജില്ലാ ലേഖകന്‍. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെയും അതിന്റെ നിയന്ത്രണത്തിലുള്ള അമൃത ഫാക്ടറിയെയും പറ്റിയുള്ള വാര്‍ത്ത തുടരെ എഴുതിവിടുകയാണ് ഇപ്പോള്‍ മംഗളം പത്രം. സത്യത്തിന് നിരക്കാത്തതാണ് പല വാര്‍ത്തകളും. മൈലപ്ര സ്വദേശിയായ ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു മൈലപ്ര ബാങ്ക് പൂട്ടിക്കാന്‍ തുനിഞ്ഞിറങ്ങിയത്. ഇയാളുടെ അടുത്ത സുഹൃത്ത് വിശാഖനാണ് ഇപ്പോള്‍ മംഗളം പത്രത്തില്‍ മുഴുനീള പരമ്പരയുമായി ഇറങ്ങിയിരിക്കുന്നത്. മൈലപ്രായിലെ മാധ്യമ പ്രവര്‍ത്തകന്റെ നിര്‍ദ്ദേശാനുസരണമാണ് ഈ നീക്കം.
ദിവസേന നല്‍കുവാന്‍ പുതിയ വാര്‍ത്ത ഇല്ലാത്തതിനാല്‍ പഴയകാര്യം ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇന്നലെ എഴുതിവിട്ട വാര്‍ത്തയിലൂടെ മംഗളം പത്രത്തിലെ പത്തനംതിട്ടയിലെ ലേഖകന്റെ അറിവ് കേട് വ്യക്തമാകുകയാണ്. “ബാങ്ക് പണം മുടക്കി തുടങ്ങിയ സ്ഥാപനം പ്രൈവറ്റ് കമ്പിനി ആയതെങ്ങനെയെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണെന്നാണ്” ഇയാള്‍ എഴുതി വിട്ടിരിക്കുന്നത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയും പബ്ലിക് ലിമിറ്റഡ് കമ്പിനിയും തമ്മിലുള്ള വ്യത്യാസംപോലും അറിയാന്‍ കഴിവില്ലാത്തയാളാണ് ജില്ലാ ലേഖകനായി ചമഞ്ഞിരിക്കുന്നത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി എന്നാല്‍ ചില സ്വകാര്യ വ്യക്തികള്‍ ഉണ്ടാക്കിയ കമ്പിനി ആണെന്നാണ് ഈ പാവം ധരിച്ചുവെച്ചിരിക്കുന്നത്.
പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിക്കും പബ്ലിക് ലിമിറ്റഡ് കമ്പിനിക്കും അംഗീകാരം നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണ്. മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫേഴ്സിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എല്ലാ വര്‍ഷവും ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സാക്ഷ്യപ്പെടുത്തുന്ന ഓഡിറ്റ് റിപ്പോര്‍ട്ടും അനുബന്ധ രേഖകളും കൃത്യമായി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വീഴ്ച വരുത്തിയാല്‍ ഫൈന്‍ ആയി ഈടാക്കുന്നത് വന്‍തുകയാണ്. അതുകൊണ്ടുതന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പിനികള്‍ കൃത്യമായി ഇവ പാലിച്ചിരിക്കും. പബ്ലിക് ലിമിറ്റഡ് കമ്പിനിയുടെ ഷെയറുകള്‍ ആര്‍ക്കും വാങ്ങാം, വില്‍ക്കുകയും ചെയ്യാം. സ്റോക്ക് എക്ച്ചേഞ്ച് വഴിയാണ് ഇത് നടക്കുന്നത്. എന്നാല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയുടെ ഷെയറുകള്‍ക്ക് ഇത്തരം കൊടുക്കല്‍ വാങ്ങല്‍ സാധ്യമല്ല.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി (പ്രൈവറ്റ് ലിമിറ്റഡ്)?
ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് ആരംഭിക്കുന്നവയാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ. അതായത് ചുരുങ്ങിയത് രണ്ടു പേരെങ്കിലും ചേർന്ന് നടത്തുന്ന കമ്പനികളെ മാത്രമേ ഈ കാറ്റഗറിയിൽ പെടുത്തുകയുള്ളൂ. പരമാവധി 200 പേര്‍ക്ക് മാത്രമേ കമ്പനിയുടെ ഷെയർ ഹോൾഡര്‍മാര്‍ ആകുവാന്‍ സാധിക്കൂ. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങള്‍. ഇത് പരമാവധി 15 പേര് വരെയാകാം. എന്നാല്‍ കമ്പിനിയുടെ സുഖമമായ പ്രവര്‍ത്തനത്തിനും അധിക ചിലവുകള്‍ കുറക്കാനും മിക്ക കമ്പിനികളും ഡയറക്ടർ ബോർഡ് അംഗങ്ങളുടെ എണ്ണം പരമാവധി ഏഴുപേരില്‍ ഒതുക്കും. ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് മാത്രമേ കമ്പനിയുടെ ഭരണ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കുകയുള്ളൂ. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾക്ക് അവരുടെ ഷെയറുകൾ ലിസ്റ്റ് ചെയ്യുവാനോ മറ്റുള്ളവര്‍ക്ക് വിൽക്കാനോ സാധിക്കില്ല. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് അംഗീകാരം ലഭിച്ചാല്‍ ആ കമ്പിനിയുടെ പേരിനോടൊപ്പം പ്രൈവറ്റ് ലിമിറ്റഡ് എന്ന് നിർബന്ധമായും ചേര്‍ത്തിരിക്കണം.
മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കമ്പിനിയാണ് മൈഫുഡ് റോളര്‍ ഫ്ലോര്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡ് (My Food Roller Flour Factory Private Limited – CIN) U15314KL2005PTC018319). 2005 ജൂണ്‍ 17 നാണ് ഈ കമ്പിനിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അതായത് 16 വര്‍ഷവും 11 മാസവും പഴക്കമുള്ളതാണ് മൈലപ്രയിലെ അമൃത ഫാക്ടറി. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ കാലാകാലങ്ങളിലുള്ള ഭരണസമിതി അംഗങ്ങള്‍ മാത്രമായിരിക്കും ഇതിന്റെ ഓഹരി ഉടമകള്‍. പുറത്തുള്ള ആര്‍ക്കും ഷെയര്‍ എടുക്കുവാന്‍ കഴിയില്ല. കൃത്യമായി പറഞ്ഞാല്‍ അതാതു കാലത്തുള്ള ബാങ്ക് ഭരണസമിതിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമായിരിക്കും മൈഫുഡ് റോളര്‍ ഫ്ലോര്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം.
മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയില്‍ നിന്നുമുള്ള ആറു പേരാണ് അമൃത ഫാക്ടറിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ബാങ്ക് പ്രസിഡന്റ് മൈഫുഡ് റോളര്‍ ഫ്ലോര്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും ബാങ്ക് സെക്രട്ടറി കമ്പിനിയുടെ മാനേജിംഗ് ഡയറക്ടറുമായിരിക്കും. കൂടാതെ നാല് ഡയറക്ടര്‍മാരും ഉണ്ടാകും. ഇതനുസരിച്ച് നിലവിലുള്ള ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനാണ് മൈഫുഡ് റോളര്‍ ഫ്ലോര്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍. സെക്രട്ടറി ജോഷ്വാ മാത്യു ആയിരുന്നു മാനേജിംഗ് ഡയറക്ടര്‍. എം.ആര്‍ സുനില്‍ കുമാര്‍, സി.എം.ജോണ്‍, സുനില്‍ തോമസ്, മാത്യു സി.ജോര്‍ജ്ജ് എന്നിവരാണ് നിലവില്‍ ഡയറക്ടര്‍മാര്‍. ജോഷ്വാ മാത്യു സസ്പെന്‍ഷന്‍ കാലയളവില്‍തന്നെ റിട്ടയര്‍ ആയി. നിലവില്‍ സെക്രട്ടറിയുടെ ചാര്‍ജ്ജ് വഹിക്കുന്നത് ഷാജി ജോര്‍ജ്ജ് ആണ്. അതുകൊണ്ടുതന്നെ ഇദ്ദേഹമായിരിക്കും ആര്‍.ഓ.സി (Registrar of Companies) അംഗീകാരം ലഭിക്കുന്ന മുറക്ക് കമ്പിനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആകുന്നത്.
കുട്ടിപ്പത്രങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ് ചില പത്രങ്ങളിലെ വാര്‍ത്തകള്‍. സത്യത്തിന്റെ കണികപോലും വാര്‍ത്തയില്‍ ഉണ്ടായിരിക്കില്ല. ഇതൊക്കെ വിലകൊടുത്തു വാങ്ങി വായിക്കുന്ന ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ പ്രവണതകൊണ്ടുതന്നെ ജനങ്ങള്‍ പത്രം ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പൈസപോലും ചെലവില്ലാതെ ലോകത്തെവിടെയുമുള്ള വാര്‍ത്തകള്‍ ഓണ്‍ ലൈന്‍ ചാനലിലൂടെ അറിയാം. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ആണ് എല്ലാവരും ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാതെ ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെമേല്‍ കുതിരകയറുവാനാണ് ചിലര്‍ക്ക് താല്‍പ്പര്യം.
































