തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ചടങ്ങുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പോലീസിനും റവന്യൂ വിഭാഗത്തിനും സെക്ടറല്‍ മജിസ്‌ട്രേറ്റിനും വിവരം ലഭിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂടുതല്‍ പേര്‍ പങ്കെടുത്താല്‍ നടപടിയെടുക്കാന്‍ കഴിയും. ഹാളിനുള്ളില്‍ നടത്തുന്ന ചടങ്ങില്‍ 75പേര്‍ക്കും തുറസ്സായ സ്ഥലത്തുള്ള ചടങ്ങില്‍ 150 പേര്‍ക്കും പങ്കെടുക്കാം. ഭക്ഷണ വിതരണം കഴിവതും ഒഴിവാക്കണം. ഭക്ഷണം നല്‍കുകയാണെങ്കിലും അവ പായ്ക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം.
പരിപാടികളില്‍ മാസ്‌ക്ക്, സാമൂഹ്യ അകലം, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് കോവിഡ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ വിലയിരുത്തും. ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ റവന്യൂ ഓഫിസര്‍മാരെയോ സെക്ടറല്‍ ഓഫിസര്‍മാരെയോ സ്വകാര്യ ചടങ്ങുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ഇതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നതിനാലാണ് ഇപ്പോള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അതിനിടെ സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിനവും പതിനായിരം കടന്നു. സാമൂഹ്യ വ്യാപന സാധ്യത അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കുറിനിടെ സംസ്ഥാനത്ത് 13,385 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷം. രണ്ട് ജില്ലകളിലും പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നിരുന്നു.