മുംബൈ : മുംബൈയിലെ ഹോട്ടലില്‍ നിന്നും മോശം പെരുമാറ്റം നേരിട്ടതായി സിനിമതാരം പ്രിയ വാരിയര്‍. ഷൂട്ടിംഗ് ആവശ്യത്തിനായി മുംബൈയില്‍ എത്തിയ പ്രിയയ്ക്ക് താമസ സൌകര്യം ഏര്‍പ്പെടുത്തിയ ഹോട്ടലില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത് എന്നാണ് താരം പറയുന്നത്.
‘ഞാന്‍ താമസിക്കുന്ന ഈ ഹോട്ടലില്‍ ഒരു ബുദ്ധിപരമായ പോളിസി നടപ്പിലാക്കിയിരുന്നു, ഇവിടെ പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കില്ല, അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും പണം ഈടാക്കാമല്ലോ, ഇവിടെ താമസിക്കുന്ന ആളുകള്‍ ഓഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് പ്രത്യേക ചാര്‍ജാണ്. എനിക്ക് ഇവരുടെ ഈ പോളിസി സംബന്ധിച്ച അറിയില്ലായിരുന്നു. ജോലി കഴിഞ്ഞ് വരുമ്പോള്‍ കുറച്ച് ഭക്ഷണം കൊണ്ടുവന്നു. ഭക്ഷണം അകത്തുകയറ്റാൻ കഴിയില്ലെന്നായിരുന്നു ഇവര്‍ എന്നോട് പറഞ്ഞത്. ഇത്തവണത്തേക്ക് മാത്രം ക്ഷമിക്കുവാന്‍ ഞാനവരോട് അഭ്യർഥിച്ചു.
ഭക്ഷണത്തിന് ഞാന്‍ പണം നല്‍കിയതാണ് എന്നും അത് കളയുവാന്‍ പറ്റില്ല എന്നും പറഞ്ഞു. അവര്‍ എന്നോട് ഒന്നുകില്‍ ഭക്ഷണം കളയുക, അല്ലെങ്കില്‍ പുറത്തു നിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്. അവര്‍ അവിടെ വലിയ ഒരു സീന്‍ തന്നെ ഉണ്ടാക്കി. ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു.’-പ്രിയ വാരിയർ പറഞ്ഞു.