റാന്നി : ശരണവീഥികളെ ഭക്തിയിലാറാടിച്ച് കാനനവാസന്റെ ആഭരണങ്ങളും വഹിച്ച ഘോഷയാത്ര ളാഹ വനം സത്രത്തിലെത്തി വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് യാത്ര തിരിച്ചു. ളാഹ സത്രത്തിലെ വിശ്രമത്തിന് ശേഷം ഇന്നു വെളുപ്പിന് തുടങ്ങിയ ഘോഷയാത്ര ശബരിമല പൂങ്കാവനത്തിലൂടെ സഞ്ചരിച്ച് സന്ധ്യയോടെ സന്നിധാനത്തെത്തും. മകരസംക്രമ സന്ധ്യയിൽ തിരുവാഭരണങ്ങൾ ചാർത്തിയാണ് ദീപാരാധന. അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ നിന്നാണ് ഇന്നലെ പുലർച്ചെ ഘോഷയാത്ര ആരംഭിച്ചത്.
നിറപറയും നിലവിളക്കും ഒരുക്കി നെയ്തിരി നാളങ്ങള്‍ തെളിച്ച് നാടെങ്ങും സ്വീകരണം നല്‍കി. വര്‍ഷത്തി ലൊരിക്കല്‍ മാത്രം ലഭിക്കുന്ന തിരുവാഭരണ ദര്‍ശനം നെഞ്ചേറ്റിയാണ് ഓരോ ഭക്തനും ഇന്നലെ മടങ്ങിയത്. ശബരിമല തിരുവാഭരണ പാതയില്‍ രണ്ടുദിനമായി മുഴങ്ങിക്കേട്ടത് ശരണമന്ത്രങ്ങള്‍ മാത്രം. പുലര്‍ച്ചെ രണ്ടുമണി മുതല്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് കാത്തുനിന്നത്.
മൂക്കന്നൂർ, ഇളപ്പുങ്കൽ, ഇടപ്പാവൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം പേരൂച്ചാൽ ജംഗ്ഷനില്‍ പേടകങ്ങൾ ഇറക്കി വെച്ചു. തുടർന്ന് പേരൂച്ചാൽ പാലത്തിലൂടെ പമ്പാനദി കടന്ന് ആയിക്കൽ തിരുവാഭരണപാറയിലേക്കു സ്വീകരിച്ചു.
റാന്നി ബ്ലോക്ക് ഓഫീസ് വഴി കുത്തുകല്ലുങ്കൽപടിയിലെത്തി പീഠത്തിൽ താഴ്ത്തിവെച്ചു. മന്ദിരം വഴി തുടർന്ന് ഇടക്കുളം അയ്യപ്പ ക്ഷേത്രത്തിന്റെ മൂല സ്ഥാനത്തേക്ക്. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ രാജോജിതമായ സ്വീകരണമാണ് നാട് അയ്യൻ്റെ ആഭരണങ്ങൾക്കു നൽകിയത്. പേടകങ്ങൾ തുറന്ന് ഭക്‌തർക്കു ദർശനം നൽകി. പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കല്ലാറ് കടന്നു പാലത്തിലൂടെയാണ് വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിലെത്തിയത്. ഇവിടെയും പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലും പേടകങ്ങൾ തുറന്ന് ദർശനം ഉണ്ടായിരുന്നു. ചമ്പോൺ, മാടമൺ ശ്രീനാരായണഗുരുദേവ ക്ഷേത്രം, സുധാലയം, മണ്ഡകത്ത് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാടമൺ ഹൃഷികേശക്ഷേത്രത്തിലേക്കു സ്വീകരിച്ചു. ഘോഷയാത്ര പൂവത്തുംമൂട് ജംഗ്ഷനിലെത്തിയപ്പോൾ പതിവുപോലെ കൃഷ്ണപ്പരുന്തിന്റെ സാന്നിധ്യം പ്രകടമായി. കൂടക്കാവിൽ, വെള്ളാമണ്ണിൽ എന്നീ കുടുംബങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.
താലപ്പൊലി, മുത്തുകുടകൾ, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാ സ്‌താ ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് മഠത്തുംമൂഴി രാജേശ്വരി മണ്ഡപത്തിൽ പേടകങ്ങൾ തുറന്ന് പൂജ നടത്തി. വനയാത്രയിലെ വിഘ്‌നങ്ങള്‍ അകറ്റാനായിരുന്നു പൂജ. കൂനംകര ശബരി ശരണാശ്രമം, കൂനംകര ജംഗ്ഷന്‍, പുതുക്കട എന്നിവിടങ്ങളിലും സ്വീകരണങ്ങളൊരുക്കി. ചെമ്മണ്ണ് കയറ്റം കടന്നാണ് ഘോഷയാത്ര ളാഹ അങ്കണവാടി പടിയിലെത്തിയത്. മുത്താരമ്മൻ കോവിലിലും സ്വീകരണം നൽകി. ളാഹ വനം സത്രത്തിൽ പേടകങ്ങൾ തുറന്ന് ഭക്‌തർക്കു ദർശനം നൽകി. ഇന്ന് ശബരിമല സന്നിധാനത്തു മാത്രമേ പേടകം ഇനി തുറക്കൂ. ഇന്ന് പുലർച്ചെ ളാഹയിൽ നിന്ന് പുറപ്പെട്ട യാത്ര പ്ലാപ്പള്ളി തലപ്പാറമലക്കോട്ട, പ്ലാപ്പള്ളി ജംഗ്ഷന്‍, ഇലവുങ്കൽ, നിലയ്ക്കൽ, അട്ടത്തോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കൊല്ലമൂഴി, ഏട്ടപ്പെട്ടി, ഒളിയമ്പുഴ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, ശബരിപീഠം, ശരംകുത്തി വഴി വൈകിട്ട് സന്നിധാനത്തെത്തും.