തൃശൂർ: റിട്ട.ഉദ്യോഗസ്ഥനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത അഭിഭാഷകയും ഭർത്താവുമടക്കം ഒമ്പതംഗ സംഘം അറസ്റ്റിൽ. അരിമ്പൂർ സ്വദേശി ചെങ്ങേക്കാട്ട് വീട്ടിൽ ലിജി (35), വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശി അജ്മൽ, ചാവക്കാട് എടക്കഴിയൂർ പള്ളിയിൽ വീട്ടിൽ നന്ദകുമാർ (26), അരിമ്പൂർ പറക്കാട് കണ്ണേങ്കാട് വീട്ടിൽ ബിജു, വാടാനപ്പിള്ളി ചിലങ്ക കുളങ്ങര വീട്ടിൽ ഫവാസ് (28), വെങ്കിടങ്ങ് പാടൂർ പണിക്കവീട്ടിൽ റിജോസ് (28), വെങ്കിടങ്ങ് കണ്ണോത്ത് യദുകൃഷ്ണൻ (27), വെങ്കിടങ്ങ് കണ്ണോത്ത് നെല്ലിപറമ്പിൽ ജിതിൻ ബാബു (25), വെങ്കിടങ്ങ് കണ്ണോത്ത് തച്ചപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (22) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം നായത്തോട് സ്വദേശിയായ 62 കാരനെയാണ് കബളിപ്പിച്ച് പണം തട്ടിയത്. ഇന്ത്യൻ കറൻസിക്ക് പകരം കൂടുതൽ മൂല്യമുള്ള വിദേശ കറൻസി നൽകാമെന്ന് പറഞ്ഞായിരുന്നു വിളിച്ചു വരുത്തി പണം തട്ടിയത്. 50 ലക്ഷം ഇന്ത്യൻ കറൻസിക്ക് 1.20 കോടി മൂല്യമുള്ള വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. രണ്ട് തവണയായി ഇയാളിൽനിന്ന് 10 ലക്ഷം തട്ടി. അമ്പത് ലക്ഷത്തിലെ ബാക്കി തുകയുമായി അയ്യന്തോളിലെത്തിയ റിട്ട. ഉദ്യോഗസ്ഥനെ പോലീസ് ആണെന്ന് പറഞ്ഞ് അഭിഭാഷകയും ഭർത്താവുമടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോയി പണം തട്ടുകയായിരുന്നു. പരാതിയെ തുടർന്ന് സി.സി.ടി.വി അടക്കമുള്ളവയും നിരീക്ഷിച്ചായിരുന്നു തൃശൂർ വെസ്റ്റ് പോലീസ് സംഘത്തെ പിടികൂടിയത്.