ചെങ്ങന്നൂർ: കെ – റെയിൽ സിൽവർലൈൻ മോഡലിൽ നഗരസഭാ വസ്തു കയ്യേറി കല്ലിട്ട സർക്കാർ നടപടി ധിക്കാരപരം ആണെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബു രാജൻ, സെക്രട്ടറി റിജോ ജോൺ ജോർജ് എന്നിവർ ആരോപിച്ചു. വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറായിട്ടും രാഷ്ട്രീയ നേട്ടത്തിനായി ഡി.വൈ.എഫ്.ഐ യെ കൊണ്ട് സമരം ചെയ്യിച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് പ്രതിഷേധാർഹമാണ്.
നേരത്തെ പഞ്ചായത്ത് ഓഫീസ് ആയിരുന്നപ്പോഴും, പിന്നീട് നഗരസഭാ ഓഫീസ് ആയിരുന്നപ്പോഴും, ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്ഥലം എന്ന നിലയിലാണ് നഗരസഭ ഇതേ സ്ഥലത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പണിയുവാൻ തീരുമാനിച്ചത്. ഫയർ സ്റ്റേഷന് മറ്റൊരിടത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതിരുന്നതിനാലാണ് ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിയാതിരുന്നത്. ഫയർ സ്റ്റേഷൻ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമ്പോൾ ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഓഫീസ് പ്രവർത്തിക്കാനും, വരുമാനം കിട്ടുന്ന രീതിയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനും തീരുമാനിച്ചത്. നഗരസഭക്ക് ഇവിടെ നിലവിൽ 16.40 സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. റോഡിനായി 2 സെന്റ് സ്ഥലവും കെട്ടിടനിർമ്മാണ ചട്ടപ്രകാരം റോഡിൽ നിന്ന് മതിയായ അകലവും പാലിക്കേണ്ടി വരുമ്പോൾ കെട്ടിടം നിർമ്മിക്കാൻ സ്ഥലം തികയാതെ വരും.
പുതിയ റവന്യൂ ടവർ നിർമ്മിക്കുമ്പോൾ വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് എന്നിവ അവിടേക്ക് മാറ്റുമ്പോൾ ആനുപാതികമായ സ്ഥലം നഗരസഭയ്ക്ക് വിട്ടു നൽകണമെന്നതാണ് നഗരസഭ കൗൺസിലിന്റെ ആവശ്യം. ഈ ആവശ്യം നഗരസഭാ കൗൺസിൽ ഐക്യകണ്ഠേനയാണ് അംഗീകരിച്ചത്. തീരുമാനം ഇതായിരിക്കെ സ്ഥലം വിട്ടു നൽകുന്നില്ല എന്നുള്ള ആരോപണം രാഷ്ട്രീയ തട്ടിപ്പാണ്. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ അനാവശ്യമായ കാര്യങ്ങൾ പറഞ്ഞ് മണിക്കൂറുകളോളം വനിതയായ നഗരസഭാ ചെയർപേഴ്സണേ ക്യാബിനുള്ളിൽ തടഞ്ഞുവച്ചിട്ടും പോലീസ് കേസെടുക്കാതിരുന്നത് നിയമ വിരുദ്ധ നടപടിയാണ്. നഗരസഭാ കൗൺസിലിന്റെ അനുമതി പോലുമില്ലാതെ സ്ഥലം കയ്യേറി കല്ലിട്ടവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം എന്നും യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബു രാജനും, സെക്രട്ടറി റിജോ ജോൺ ജോർജ്ജും ആവശ്യപ്പെട്ടു.