അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ ഉയരം കുറഞ്ഞ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു. പാലത്തിന്റെ ഇരുവശത്തെയും കൈവരിക്ക് ഉയരമില്ലാത്തത് കാരണം റോഡ് നിരപ്പിനേക്കാള്‍ ഉയരത്തില്‍ സ്ഥാപിച്ച നടപ്പാതയിലൂടെ പോകുന്നവര്‍ കാല്‍ വഴുതി ആറ്റില്‍ വീഴുവാനുള്ള സാധ്യത കൂടുതലായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോഴും ആളുകള്‍ ആറ്റിലേക്ക് വീഴുവാന്‍ സാധ്യത ഏറെയായിരുന്നു. മുന്‍പ് പാലത്തിലൂടെ നടന്നുപോയ സ്ത്രീയെ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ആറ്റിലേക്ക് വീണ് അപകടം നടന്നിട്ടുമുണ്ട്. ആളുകള്‍ ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതും വര്‍ധിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉയരം കുറഞ്ഞ കൈവരിയോട് ചേര്‍ന്ന് നടന്നുപോകുന്നത് അപകട സാധ്യത വര്‍ധിപ്പിച്ചിരുന്നു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് അംഗം ബുഖാരി നിലാമുറ്റം 2022 ല്‍ പാലത്തിന്റെ ചിത്രങ്ങള്‍ സഹിതം പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ അദ്ദേഹം നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് കെ.എസ്.റ്റി.പി യും ജനപ്രതിനിധികളും ഈ വിഷയത്തില്‍ ഇടപെടുകയും സംരക്ഷണ വേലി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തത്. പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിക്കപ്പെട്ടതോടെ ജനങ്ങള്‍ക്ക് അപകടഭീതി കൂടാതെ ഇനി നടക്കുവാന്‍ കഴിയും.






























