റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ നടത്തിയ കനത്ത ആക്രമണത്തിൽ 73 സാധാരണക്കാർക്ക് പരിക്ക്. ജസാൻ, അബഹ, ഖമീസ് മുഷൈത്ത്, നജ്റാൻ തുടങ്ങിയ നാല് നഗരങ്ങളും സുപ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും ആക്രമണത്തിന്റെ ഭാഗമായി. രാജ്യത്ത് ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന ഭീഷണിയും ഹൂതികൾ മുഴക്കിയതായി റിപ്പോർട്ടുകളുണ്ട്. സമീപകാലത്ത് സൗദിക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഹൂതി ആക്രമണങ്ങളിലൊന്നാണിതെന്നാണ് വിലയിരുത്തൽ.
ഹൂതി നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനാ പിടിച്ചെടുക്കാനുള്ള യെമൻ സേനയുടെ നീക്കം സംയുക്ത സേനയുടെ പിന്തുണയോടെ ശക്തമാക്കിയതോടെയാണ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായത്. ചെങ്കടലിൽ കപ്പലുകൾക്ക് നേരെയും ഹൂതികൾ ആക്രമണം നടത്തിയതായി സൗദി ആരോപിച്ചു. ഇതോടെ യെമൻ സംഘർഷത്തിന്റെ പ്രത്യാഘാതം പ്രാദേശിക മേഖലകൾക്കപ്പുറം കടൽപാതകളിലേക്കും വ്യാപിക്കുമെന്ന ആശങ്ക ശക്തമായി.
അതേസമയം അമേരിക്കയ്ക്കെതിരായ നീക്കവും ഇറാൻ ശക്തമാക്കുകയാണ്. അമേരിക്കൻ യുദ്ധക്കപ്പലുകളെ നേരിടാൻ ഇറാൻ സജ്ജമാണെന്ന് ഇറാൻ പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഇതിനായി പുതിയ മിസൈൽ വികസിപ്പിച്ചിട്ടുണ്ടെന്നും ഇറാൻ അവകാശപ്പെട്ടു.































