അടൂര്‍ : എം.സി റോഡിലെ അടൂര്‍ ബൈപ്പാസില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തത് വാഹനയാത്ര ദുരിതത്തിലാക്കുന്നു. നെല്ലിമൂട്ടില്‍പ്പടി മുതല്‍ കരുവാറ്റവരെയുള്ള ഭാഗത്താണ് പലയിടത്തും ലൈറ്റുകള്‍ പ്രകാശിക്കാത്തത്. സുരക്ഷാ ഇടനാഴി പദ്ധതിയുടെ ഭാഗമായി അടൂര്‍ ബൈപ്പാസില്‍ പലയിടത്തും മുന്‍പ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. അപകടങ്ങള്‍ വര്‍ധിച്ചതോടെ സേഫ് സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.ടി.പി യുടെ മേല്‍നോട്ടത്തില്‍ നവീകരിച്ച എം.സി റോഡില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നുവെങ്കിലും സ്ട്രീറ്റ് ലൈറ്റുകളുടെ കാര്യത്തില്‍ അധികാരികള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നില്ല. റോഡില്‍ വെളിച്ചമില്ലാതെ വന്നതോടെ അപകടസാധ്യതയും വര്‍ധിച്ചിട്ടുണ്ട്.
ബൈപ്പാസിന്റെ പല ഭാഗങ്ങളിലും രാത്രി സമയങ്ങളില്‍ വലിയ ചരക്കുലോറികള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്നത് പതിവാണ്. ഇരുട്ടില്‍ ഇത്തരം വാഹനങ്ങള്‍ മറ്റുള്ള യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാത്തതും അപകടത്തിന് കാരണമാകുന്നു. ചെറിയ റോഡുകളില്‍ നിന്നും അടൂര്‍ ബൈപ്പാസ് റോഡുകളിലേക്ക് വാഹനങ്ങള്‍ വേഗത്തില്‍ കയറി വരുമ്പോള്‍ അപകടങ്ങള്‍ നടക്കുന്നതും പതിവാണ്. മുന്‍പ് ബൈപ്പാസ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ പണികള്‍ നടക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കെ.എസ്.റ്റി.പി ക്കാണ് റോഡിന്റെ ചുമതല. റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ മുന്‍പ് നല്‍കിയിരുന്ന കരാര്‍ അടുത്തിടെ അവസാനിച്ചിരുന്നു. പുതിയ കരാര്‍ തുടങ്ങുമ്പോള്‍ റോഡിനൊപ്പം സ്ട്രീറ്റ് ലൈറ്റുകളും അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കില്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ കഴിയുകയുള്ളൂ.































