കൊച്ചി : കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം. പുതുക്കിയ കുർബാന ക്രമത്തെ അനുകൂലിക്കുന്നവരാണ് പ്രതിഷേധിക്കുന്നത്. ബിഷപ്പ് ആന്‍റണി കരിയിൽ വിമത വൈദികരെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ആൻ്റണി കരിയിലിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതിനിടെ പുതുക്കിയ കുർബാന ക്രമം നടപ്പാക്കുന്നത് തൽക്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയുളള ബിഷപ് ആന്‍റണി കരിയിൽ റോമിൽ എത്തിയിട്ടുണ്ട്.
പുതുക്കിയ കുർബാന ക്രമത്തിന്‍റെ പേരിൽ സിറോ മലബാർ സഭാ സിനഡും എറണാകുളം–അങ്കമാലി അതിരൂപയും നേർക്കുനേർ പോരിലേക്ക് കടക്കുകയാണ്. അടുത്ത ഞായറാഴ്ച രാവിലെ എട്ടുമണിക്ക് കൊച്ചിയിൽ സഭാതലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്നെ പുതിയ ആരാധനാക്രമത്തിൽ കുർബാന അർപ്പിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് നിലവിലെ ആരാധനാക്രമത്തിൽ കുർബാർ അർപ്പിച്ച് പ്രതിഷേധിക്കാനാണ് വിമത വിഭാഗത്തിന്‍റെ തീരുമാനം.
എറണാകുളം സെന്‍റ് മേരീസ് കത്തീട്രലിൽ ഇന്ന് രാവിലത്തെ കുർബാനമധ്യേ ഇടവക വികാരി തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. റോമിൽ നിന്ന് ഇടപെടൽ ഉണ്ടായില്ലെങ്കിൽ സിനഡ് അംഗീകരിച്ചതുപോലെ തന്നെ പുതുക്കിയ കുർബാന ക്രമം അടുത്ത ഞായറാഴ്ച സഭയിൽ നിലവിൽ വരും. എറണാകുളം സെന്‍റ് മേരീസ് കത്തീട്രലിൽ ആദ്യ കുർബാന അർപ്പിക്കുമെങ്കിലും മറ്റ് ഇടവകകൾക്ക് അടുത്ത ഈസ്റ്റർ വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. എന്നാൽ സിനഡിന്‍റെയും കർദിനാളിന്‍റെയും നീക്കത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് വിമത വിഭാഗത്തിന്‍റെ തീരുമാനം.