കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ വിദ്യാര്‍ഥി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ തൃക്കാക്കര ഭാരത് മാതാ കോളജില്‍ പ്രതിഷേധം. ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയായ ശ്രീഹരിയെ മാനേജ്‌മെന്റ് സംരക്ഷിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ലോക്കല്‍ ഗാര്‍ഡിയനെ വിളിച്ചുവരുത്തി പ്രതിയെ കാമ്പസില്‍ നിന്ന് രക്ഷപെടാന്‍ സഹായിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നും ആരോപണമുണ്ട്. കുറ്റാരോപിതനായ വിദ്യാര്‍ഥി കെഎസ്‌യുവിന്റെ മീഡിയ ടീമിലുള്ളതാണെന്നും പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്ക് അതിക്രമിച്ചെത്തിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവത്തില്‍ തൃക്കാക്കര പോലീസ് ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് നല്‍കിയ പരാതിയിലായിരുന്നു നടപടി. വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ കുട്ടിയെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നുവെന്നും പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അധികൃതർ പ്രതികരിച്ചു. കുട്ടികളുടെ രക്ഷിതാക്കള്‍ ദൂരെയായതിനാലാണ് കുട്ടിയെ ലോക്കല്‍ ഗാര്‍ഡിയനൊപ്പം അയച്ചത്. വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പ് മാനേജ്‌മെന്റിന്റെ കൈവശമുണ്ടെന്ന ആരോപണം തെറ്റാണ്. കുട്ടിയുടെ ഫോണ്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.































