കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിലെ 14 ആം വാര്‍ഡില്‍ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. മലയാറ്റൂര്‍ മാര്‍ത്തോമ്മ പള്ളിക്ക് സമീപമുള്ള പുരയിടത്തില്‍ നിന്നുമാണ് പാമ്പിനെ പ്രദേശവാസി പിടികൂടിയത്. പറമ്പില്‍ അനക്കം കണ്ടാണ് പാമ്പിനെ ആളുകള്‍ കാണുന്നത്. തുടര്‍ന്ന് ഗ്രാമപഞ്ചയത്ത് അംഗം സ്ഥലത്തെത്തുകയും പ്രദേശവാസി പാമ്പിനെ പിടികൂടുകയുമായിരുന്നു. പ്രദേശത്ത് കാടുകയറി കയറി കിടക്കുന്ന പറമ്പുകള്‍ ഇഴജന്തുക്കളുടെ താവളമായി മാറുന്നുണ്ടെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
കോഴഞ്ചേരി പഞ്ചായത്തില്‍ ഉടമസ്ഥന്‍ സ്ഥലത്തില്ലാതെ കാടുകയറി കിടക്കുന്ന നിരവധി ഭൂമികളുണ്ട്. വര്‍ഷങ്ങളായി ഈ ഭൂമി തെളിച്ച് വൃത്തിയാക്കുവാന്‍ ആരും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി. ഇതിനാല്‍ ജനവാസമേഖലകളില്‍ ഇഴജന്തുക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്.






























