റാന്നി : റാന്നി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഹെൽത്ത് ഇൻഷുറൻസ് കാർഡ് വഴിയുള്ള സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതാണ് ഇൻഷുറൻസ് അപ്‌ഡേഷൻ തടസം നേരിടാന്‍ കാരണമെന്നാണ് ആശുപത്രി ജീവനക്കാർ നൽകുന്ന വിശദീകരണം. ഇന്റർനെറ്റ് തകരാർ കാരണം സൗജന്യമായി ലഭിക്കേണ്ട ലാബ് പരിശോധനകളും മറ്റ് അടിയന്തിര സേവനങ്ങളും രോഗികൾക്ക് ലഭിക്കുന്നില്ല. സ്കാനിംഗ് അടക്കമുള്ള പരിശോധനകൾക്കായി രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്. ഇതുമൂലം വൻതുകകള്‍ ഇവര്‍ക്ക് കയ്യിൽ നിന്ന് ചെലവഴിക്കേണ്ടിവരുന്നു.
ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള നിരവധി രോഗികളാണ് നിലവിൽ ഈ ദുരിതം അനുഭവിക്കുന്നത്. അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇടപെടല്‍ നടത്തണമെന്നും പ്രശ്നത്തിന് എത്രയുംവേഗം പരിഹാരം കാണണമെന്നും നാട്ടുകാരും രോഗികളുടെ ബന്ധുക്കളും ആവശ്യപ്പെട്ടു.































