തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍. നാളെ രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റില്‍ വെച്ച് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ.കെ.ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. എന്നാല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ഇന്നലെ വൈകിയും ലഭിച്ചില്ല.
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് അസോസിയേഷന്റെ സമരം 32 ദിവസവും, സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം 20 ദിവസവും പിന്നിട്ട ശേഷമാണ് വീണ്ടും ചര്‍ച്ച. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ നിരാഹാര സമരം ഇന്നലെ 13 ദിവസം പിന്നിട്ടു. ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ഇന്നലെ എല്‍.ജി.എസ് റാങ്ക് ഹോള്‍ഡേഴ്സ് നേതാക്കളെ ഫോണില്‍ ക്ഷണിച്ചതനുസരിച്ച് മൂന്ന് പ്രതിനിധികള്‍ റഹിം അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. പുതിയ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിച്ചെങ്കിലും റാങ്ക് ജേതാക്കള്‍ സമ്മതിച്ചില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി എന്തു ചെയ്യാന്‍ സര്‍ക്കാരിനാവുമെന്ന ചോദ്യത്തിന്, സര്‍ക്കാര്‍ നിയമപരമായി ചെയ്യാവുന്നത് ചെയ്യട്ടെ എന്നായിരുന്നു സമരസമിതി നേതാക്കളുടെ പ്രതികരണം. ഇത്രയും ദിവസം പിച്ച എടുത്തും റോഡിലിഴഞ്ഞും സമരം നടത്തിയിട്ടും തിരിഞ്ഞു നോക്കാതിരുന്ന സര്‍ക്കാര്‍ അന്തിമ വേളയില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് പ്രഹസനമാണെന്നും അവര്‍ കരുതുന്നു. നാളത്തെ ചര്‍ച്ചയുടെ ഫലം എന്തായാലും അനുകൂല നിലപാടുണ്ടാവും വരെ സമരം തുടരും. സി.പി.ഒ റാങ്കുകാര്‍ മാര്‍ച്ച് ആദ്യ വാരത്തില്‍ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് വളയല്‍ അടക്കമുള്ള സമരമാണ് ആലോചിക്കുന്നത്. ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ എന്നിവര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായാല്‍ അവരുടെ മണ്ഡലങ്ങളില്‍ എതിരായി പ്രചരണം നടത്തുമെന്നും അവര്‍ പറഞ്ഞു.