തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന് അംഗങ്ങൾ. ഇക്കാര്യം എസ്ഐടിയെ അറിയിച്ചു. പ്രോട്ടോകോൾ ചൂണ്ടിക്കാട്ടിയാണ് പി എസ് സിയുടെ തീരുമാനം. ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന പിഎസ്‌സിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കാണ് വീഴ്ച സംഭവിച്ചത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്തുകൊണ്ട് എസ്‌ഐടി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്‍പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷാണ് മേൽനോട്ടം വഹിക്കുന്നത്. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികളുമായി ബന്ധപ്പെട്ട പരീക്ഷ നടത്തിപ്പില്‍ തെറ്റുപറ്റിയെന്ന് പിഎസ്‍സി തുറന്നു സമ്മതിച്ചിരുന്നു.
10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്‌സി പത്രക്കുറിപ്പിൽ അടക്കം പറഞ്ഞത്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്ന നിലപാടിലാണ് സർക്കാർ. ഇല്ലെങ്കിൽ വസ്തുതകൾ പുറത്തുവരില്ല എന്ന വിലയിരുത്തലും സംസ്ഥാന സർക്കാരിലുണ്ട്. ഭരണഘടനാ സ്ഥാപനമാണെങ്കിലും അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ട് പിസ്‌സിയിലെ പരീക്ഷാക്രമക്കേടും ഉൾപ്പെടുത്താം എന്ന നിയമോപദേശം സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു.






























