24 C
Pathanāmthitta
Tuesday, June 21, 2022 2:10 am

പി.ടി തോമസിന്റെ പിന്‍ഗാമിയെ സംബന്ധിച്ചു കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം ; ആരുമില്ലെങ്കില്‍ ബല്‍റാമോ

കൊച്ചി : തൃക്കാക്കരയില്‍ പി.ടി തോമസിന്റെ പിന്‍ഗാമിയെ സംബന്ധിച്ചു കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം. ആരുമില്ലെങ്കില്‍ ബല്‍റാമോ. പി.ടിക്ക് പകരക്കാരന്‍. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും ആകട്ടെ എന്ന ചര്‍ച്ചകള്‍ സജീവമാണെങ്കിലും കുടുംബാംഗങ്ങള്‍ക്ക് പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്‍പര്യം ഇല്ല എന്നാണ് സൂചന. പിടിയുടെ ഭാര്യ ഉമയെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതാക്കളില്‍ നിന്നുതന്നെ ശക്തമായി ഉയരുന്നുണ്ട്. ചില പ്രാദേശിക നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പി.ടി യുടെ കുടുംബം അതിനോട് അനുകൂലമായി പ്രതികരിക്കുന്നില്ല എന്നാണ് വിവരം. ഉമ പണ്ട് കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തക ആയിരുന്നെങ്കിലും കലാലയ രാഷ്ട്രീയത്തിന പ്പുറം പിന്നെ പ്രവര്‍ത്തിച്ചിരുന്നില്ല. പകരം മരണം വരെ അവര്‍ പിടിയുടെ നിഴലായി മാറുകയായിരുന്നു. അങ്ങനെതന്നെ മാറി നില്ക്കാനുള്ള തീരുമാനത്തില്‍ ഉമ ഉറച്ചു നിന്നാല്‍ പിന്നെയാര് എന്ന ചോദ്യമാണ് സജീവം.

കെപിസിസി വൈസ് പ്രസിഡന്റും മുന്‍ തൃത്താല എംഎല്‍എയുമായ വി.ടി ബല്‍റാമിന്റെ പേര് തൃക്കാക്കരയിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തില്‍ 3016 വോട്ടിനാണ് ബല്‍റാം തൃത്താലയില്‍ എംബി രാജേഷിനോട് പരാജയപ്പെട്ടത്. ബല്‍റാമിനെ നിയമസഭയില്‍ എത്തിക്കാന്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ആഗ്രഹിക്കുന്നുമുണ്ട്. ആദര്‍ശത്തിന്‍റെയും നിലപാടുകളുടെയും കാര്യത്തില്‍ കോണ്‍ഗ്രസില്‍ പി.ടി യുടെ അതേ ജനുസില്‍പെട്ട നേതാവാണ് ബലറാം. തൃക്കാക്കരയില്‍ ഒഴിവു വന്നതോടെ ആ സീറ്റില്‍ കണ്ണുനട്ടിരിക്കുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ട്. തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനുവേണ്ടി രമേശ് ചെന്നിത്തലയും കെസി ജോസഫിനു വേണ്ടി എ ഗ്രൂപ്പും സീറ്റിനായി ശ്രമിക്കുമെന്നുറപ്പാണ്.

കത്തോലിക്കാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകളുടെ ഈ നീക്കം. കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റുകള്‍ പിടിച്ചുവാങ്ങി പതിവായി പരാജയപ്പെടുന്ന വാഴയ്ക്കനെ ശക്തമായ ഒരു ഉപതെരെഞ്ഞെടുപ്പില്‍ പരീക്ഷിക്കുക നിലവിലെ സാഹചര്യത്തില്‍ ദുഷ്കരമാകും. പ്രായവും തുടര്‍ച്ചയായി 42 വര്‍ഷം എം എല്‍ എ ആയിരുന്നുവെന്നതും പ്രവര്‍ത്തകരുടെ എതിര്‍പ്പും കെ.സിക്കും തടസമാകും. മുന്‍ മേയര്‍ ടോണി ചമ്മിണി, മുന്‍ മന്ത്രി ഡൊമനിക് പ്രസന്‍റേഷന്‍, മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ്, ദീപ്തി മേരി വര്‍ഗീസ്, സിമി റോസ്‌ബെല്‍ ജോണ്‍, ഡിസിസി സെക്രട്ടറി ഷെറിന്‍ വര്‍ഗീസ് തുടങ്ങിയ പേരുകളൊക്കെ ശ്രമങ്ങളായും ചര്‍ച്ചകളിലും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞൊരു ചിന്ത കോണ്‍ഗ്രസിന്‍റെ പുതിയ സംസ്ഥാന നേതൃത്വത്തിനില്ല. അതു മികച്ച വിജയം തന്നെയാണ് വി.ഡി സതീശനും കെ.സുധാകരനും ആവശ്യം. എന്നാല്‍ ഇവരെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ആഗ്രഹമുണ്ട് എന്നത് സത്യമാണ്. നിലവില്‍ ശേഷി ഇല്ലെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ അതിനായി കിണഞ്ഞു ശ്രമിക്കും അതുകൊണ്ടുതന്നെ തങ്ങളുടെ നോമിനികളല്ലെങ്കില്‍ അവരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കമുണ്ടാകുമെന്ന് ഉറപ്പാണ്. ചുരുക്കത്തില്‍ എതിരാളികളെക്കാള്‍ സ്വന്തം പാളയത്തിലുള്ളവരെ തന്നെയാണ് ഈ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭയക്കേണ്ടെതെന്ന് വ്യക്തം.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular