തിരുവല്ല: പുളിക്കീഴ് ജങ്ഷന് സമീപത്തെ ചതുപ്പില്‍ നിന്നും ലഭിച്ച മൃതദേഹം ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 12 മണിയോടെ ഫോറന്‍സിക് സംഘം എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം സംബന്ധിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആണ് ചതുപ്പ് നിലത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം വരുമെന്ന് പുളിക്കീഴ് പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ അരയില്‍ ജപിച്ചു കിട്ടിയ കറുത്ത ചരട് ഉണ്ട്. ഡയപ്പറും ബനിയനും ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
കമിഴ്ന്നു കിടന്നിരുന്ന നിലയില്‍ ഉള്ള മൃതദേഹത്തിന്റെ മുഖമടക്കം അഴുകിയിരുന്നു. ഇരു കാല്‍പാദങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചതുപ്പില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് വീണ്ടും എത്തി വിശദ പരിശോധനകള്‍ നടത്തിയിരുന്നു.