തിരുവല്ല : ജില്ലയിലെ രണ്ടാമത്തെ ചുണ്ടൻവള്ളമായ പുണ്യാളൻ നിരണം ചുണ്ടന്റെ ഉളികുത്ത് കർമ്മം ഇന്ന് ഇരതോട് വീയപുരം ഓർത്തഡോക്സ് പള്ളിയോട് ചേർന്നുള്ള മാലിപ്പുരയിൽ നടക്കും. പ്രമുഖ ശില്പിയായ കോയിൽമുക്ക് സാബു ആചാരിയാണ് ഉളികുത്ത് നിർവഹിക്കുക. ജലോത്സവ സംഘടന ഭാരവാഹികൾ, വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വള്ളം നിർമ്മാണത്തിനുള്ള ആഞ്ഞിലിത്തടി നൂറുക്കണക്കിന് ആളുകളുടെ സ്വീകരണം ഏറ്റുവാങ്ങി മാലിപ്പുരയിൽ എത്തിച്ചിരുന്നു.
60 ലക്ഷം രൂപയാണ് വള്ളത്തിന്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 126.25 കോൽ നീളത്തിലും 65 ഇഞ്ച് വീതിയിലുമാണ് നിർമ്മാണം. 85 തുഴക്കാരും 5 പങ്കായക്കാരും 7 നിലയാളും വള്ളത്തിന് ഉണ്ടാകും. നാട്ടുകാരുടെ സഹകരണത്തോടുകൂടിയാണ് വള്ളം നിർമ്മിക്കുന്നത്. ഈ ചുണ്ടന്റെ നിർമ്മാണത്തോടെ രണ്ട് ചുണ്ടൻവള്ളങ്ങളുടെ നാടായി നിരണം പഞ്ചായത്ത് മാറും. ചുണ്ടൻവള്ളസമിതി പ്രസിഡന്റ് റെന്നി ഫിലിപ്പോസ്, സെക്രട്ടറി റെജി കുരുവിള, ട്രഷറർ അഭിലാഷ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് വള്ളം നിർമ്മിക്കുന്നത്.