കോട്ടയം: അഗതി മന്ദിരത്തിലെ തുടര്‍ മരണങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇതിനായി മെഡിക്കല്‍ കോളജ് മേധാവികള്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
ചങ്ങനാശേരിയിലെ പുതുജീവന്‍ അഗതി മന്ദിരത്തിലാണ് ഒരാഴ്ചയ്ക്കിടെ മൂന്ന് പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കുറച്ചു നാളുകള്ക്കുമുമ്പും ഇവിടെ അന്തേവാസികളെ ക്രൂരമായി ഉപദ്രവിക്കുന്നത് സംബന്ധിച്ച് നാട്ടുകാര്‍ ബഹളമുണ്ടാക്കിയിരുന്നു. മൂന്നാമത്തെയാള്‍ മരിച്ചത് ഇന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളജിലാണ്. 23 വയസുള്ള എബ്രഹാമാണ് മരിച്ചത്.
അവശനിലയി ലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. കഴിഞ്ഞയാഴ്ച അഗതിമന്ദിരത്തിലെ അന്തേവാസികളായ രണ്ടു പേര് മരിച്ചു. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍വെച്ചാണ് മൂന്നാമത്തെയാള്‍ മരിച്ചത്. അഗതിമന്ദിരത്തിലെ ആറ് അന്തേവാസികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഛര്‍ദ്ദി, കാലില്‍ നീര് എന്നിവയാണ് മരിച്ചവരുടെയും ചികിത്സയില്‍ കഴിയുന്നവരുടെയും രോഗലക്ഷണങ്ങള്‍. ലഹരി വിമുക്ത ചികില്‍സാ കേന്ദ്രം കൂടിയാണിത്.
ഇതില്‍ ആദ്യം മരിച്ച എരുമേലി സ്വദേശിയായ യുവതിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ന്യൂമോണിയയാണ് മരണകാരണമെന്നായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയായിരുന്നു രണ്ടുപേര്‍ കൂടി മരണപ്പെട്ടത്. കഴിഞ്ഞയാഴ്ച രോഗികളുടെ രക്തസാമ്പിള്‍ ശേഖരിച്ചു പരിശോധിച്ചിരുന്നു. വൈറസ് വഴിയുള്ള രോഗങ്ങളല്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിഷാംശങ്ങള്‍ ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നറിയാന്‍ ടോക്സികോളജി ടെസ്റ്റ് നടത്തുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.