കോട്ടയം : പുതുപ്പളളിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിലായി. പടനിലം വീട്ടില്‍ സിജിയുടെ ഭാര്യ റോസന്നയാണ് മണര്‍കാട് പളളി പരിസരത്തുനിന്ന് പിടിയിലായത്. കൊലയ്ക്കുശേഷം ആറ് വയസുള്ള മകനെയും കൂട്ടി റോസന്ന വീടുവിട്ടിരുന്നു. പുലർച്ചെ നടന്ന കൊലപാതകം ഏറെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. വീട് തുറക്കാത്തതിനെ തുടർന്ന് രാവിലെ എട്ട് മണിയോടെ അയൽവാസി സിജിയെ തേടി വീട്ടിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്. വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു സിജി. സിജിയുടെ ഭാര്യ റോസന്നയെ വീട്ടിൽ കണ്ടെത്താനായില്ല.
പോലീസ് അന്വേഷണത്തിൽ റോസന്ന മകനെയും കൂട്ടി രക്ഷപ്പെട്ടതായി തെളിഞ്ഞു. രാവിലെ ആറ് മണിക്ക് മകനോടൊപ്പം കയ്യിൽ ഒരു ബാഗുമായി നടന്നുപോകുന്ന റോസന്നയുടെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് കൊലപാതകമെന്നാണ് നിഗമനം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ഓട്ടോ ഡ്രൈവറാണ് മരിച്ച സിജി. അഗതി മന്ദിരത്തിൽ നിന്നാണ് റോസന്നയെ സിജി വിവാഹം കഴിച്ചത്. സിജിയെ റോസന ഒറ്റയ്ക്ക് തന്നെയാണോ കൊലപ്പെടുത്തിയത് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.