ന്യൂഡല്‍ഹി : ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരൻ, വി.ഡി സതീശൻ എന്നിവരുമായി രാഹുൽ ഗാന്ധി സംസാരിച്ചു. സംഘടനാ കാര്യങ്ങളിൽ പരിഗണിക്കുക കെ.സുധാകരൻ്റെയും വി.ഡി സതീശൻ്റെയും നിലപാടാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി രാഹുൽ ഗാന്ധിതന്നെ നേതാക്കളെ നേരിട്ട് വിളിച്ച് ഹൈക്കമാൻഡ് നിർദേശം അറിയിച്ചത്. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും മുതിർന്ന നേതാക്കൾ എന്ന പരിഗണനയുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.