കല്‍പറ്റ : രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എട്ടരയോടെ എത്തുന്ന അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. തുടര്‍ന്ന് അന്തരിച്ച മുന്‍ എംഎല്‍എ സി.മോയിന്‍കുട്ടി അനുസ്മരണ സമ്മേളനത്തില്‍ സംബന്ധിക്കും. പുതുപ്പാടി ലിസ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ കലക്ടറേറ്റില്‍ ചേരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയില്‍ പങ്കെടുക്കും.
3:40 ന് അഡ്വ.സിദ്ദിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പൊഴുതന ഗ്രാമപഞ്ചായത്തില്‍ പി.എം.ജി എസ്.വൈ സ്‌കീമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അച്ചൂര്‍ – ചാത്തോത്ത് റോഡ് ഉദ്ഘാടനവും എംപി നിര്‍വഹിക്കും. അടുത്ത ദിവസം രാവിലെ 11 മണിയോടെ പുല്‍പള്ളി ആടിക്കൊല്ലിയിലെ ലൈബ്രറി കെട്ടിടം വിനോദ് സമുച്ചയം ഉദ്ഘാടനം ചെയ്യും. മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക് തിരിച്ച് വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകുന്നേരം ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.