ഹൈദരാബാദ് : പേരുമാറ്റല്‍ നയവുമായി വീണ്ടും രാഷ്ട്രീയ സ്വയംസേവക സംഘം. ഹൈദരാബാദ് നഗരത്തിലെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റാനുള്ള തീരുമാനവുമായാണ് ഇക്കുറി ഈ സാംസ്കാരിക സംഘടന വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ആര്‍.എസ്.എസ് കാലങ്ങളായി ആവശ്യപ്പെടുന്ന ഒന്നാണ് ഹൈദരാബാദ് നഗരത്തിന്റെ പേര് മാറ്റണമെന്ന വിഷയം. ഇപ്രാവശ്യം, ഈ വിഷയത്തെ ആസ്പദമാക്കി മൂന്നു ദിന സമന്വയ ബൈഠക്കിന് സംഘം ആഹ്വാനം ചെയ്തിട്ടുണ്ട്. ജനുവരി ആദ്യവാരം അഞ്ചാം തീയതി മുതല്‍ ഏഴാം തീയതി വരെ നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍, ബിജെപി നേതാക്കളും പങ്കെടുക്കും.
പേരു മാറ്റുന്ന കാര്യം ഔദ്യോഗികമായി ആര്‍.എസ്.എസ് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, ഹൈദരാബാദ് എന്നുപയോഗിക്കേണ്ടതിനു പകരം അവര്‍ ഭാഗ്യനഗര്‍ എന്നാണ് ഉപയോഗിക്കാറ്. 2020 തെരഞ്ഞെടുപ്പ് യോഗത്തില്‍, ഫൈസാബാദിനെ അയോധ്യ എന്നും, അലഹബാദിനെ പ്രയാഗ്രാജ് എന്നും മാറ്റാന്‍ സാധിക്കുമെങ്കില്‍, ഹൈദരാബാദിനെ ഭാഗ്യനഗറാക്കി മാറ്റാനും സാധിക്കണമെന്ന് യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തിരുന്നു.