കല്‍പറ്റ : ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ച് വയനാട്ടില്‍ നടത്തിയ ട്രാക്ടര്‍ റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാര്‍ഗമായ കൃഷിയെ അവരില്‍നിന്നു തട്ടിയെടുത്ത് തന്റെ രണ്ടു സുഹൃത്തുക്കള്‍ക്കു സൗജന്യമായി നല്‍കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലായാല്‍ വന്‍കിട വ്യവസായികള്‍ തീരുമാനിക്കുന്ന ചുളുവിലയ്ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കേണ്ട ഗതികേടാവുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മാണ്ടാട് മുതല്‍ മുട്ടില്‍ വരെ നടത്തിയ ട്രാക്ടര്‍ റാലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ട്രാക്ടര്‍ ഓടിച്ചാണ് രാഹുല്‍ റാലിയില്‍ പങ്കെടുത്തത്.
നമ്മള്‍ നന്നായി സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ കേന്ദ്രം ഈ നിയമങ്ങള്‍ പിന്‍വലിക്കൂ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ലോകം മുഴുവന്‍ ആവശ്യപ്പെടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ കേട്ട ഭാവം നടിക്കുന്നില്ല. നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ കോണ്‍ഗ്രസ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമുണ്ടാകും. കേരളത്തിലെ ബഫര്‍സോണ്‍ പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.