ന്യൂഡല്‍ഹി : റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ചതോടെ പദ്ധതികള്‍ തിരിച്ചുള്ള കണക്ക് ഇല്ലെങ്കിലും പ്രധാന പ്രഖ്യാപനങ്ങള്‍ ഓരോ സംസ്ഥാനത്തിനു ലഭിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളുടെ ദിശാസൂചകങ്ങളാണ്.
റെയില്‍വേ വികസന രംഗത്തു അടിസ്ഥാന സൗകര്യ വികസനത്തിനു മുന്‍ഗണന എന്ന നയമാണു എന്‍ഡിഎ സര്‍ക്കാര്‍ തുടക്കം മുതല്‍ പിന്തുടരുന്നത്. ഒരേ സമയം ഒട്ടേറെ പദ്ധതികള്‍ക്കു പണം അനുവദിച്ചു ഒന്നും തീര്‍ക്കാന്‍ കഴിയാത്തതിലും നല്ലതു പൂര്‍ത്തിയാകുന്ന പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതാണെന്ന സമീപനമാണു സുരേഷ് പ്രഭുവും പിന്നീടു വന്ന പിയൂഷ് ഗോയലും സ്വീകരിച്ചിരിക്കുന്നത്.
കൂടുതല്‍ ഹൈസ്പീഡ് ട്രെയിന്‍ ശൃംഖലകള്‍, ചരക്ക് ഇടനാഴികള്‍, വൈദ്യുതീകരണം വേഗത്തിലാക്കാന്‍ കൂടുതല്‍ നിക്ഷേപം, ട്രെയിന്‍ സെറ്റുകള്‍, പാത ഇരട്ടിപ്പിക്കലുകള്‍, സിഗ്‌നല്‍ നവീകരണം എന്നിവയ്ക്കു പ്രാധാന്യം ലഭിക്കുമെന്നാണു പ്രതീക്ഷ.
കേരളത്തിനു കേന്ദ്ര സഹായം വേണ്ട പദ്ധതികളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും, ജോയിന്റ് വെഞ്ച്വര്‍ പദ്ധതികളായ തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് പാത, തലശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍ഗുഡ് പദ്ധതികളുടെ ഡിപിആറിനു അംഗീകാരം ലഭിക്കുന്ന മുറയ്ക്കാകും ബജറ്റില്‍ ഇടം നേടുക. സെമി ഹൈസ്പീഡ് പദ്ധതിയുടെ ഡിപിആര്‍ മാത്രമാണു റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ളത്.